പിണറായി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

11:40pm 25/5/2016
download (1)
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരണത്തിന് മുന്നോടിയായി മന്ത്രിമാരുടെ പട്ടിക കൈമാറുന്നതിനാണ് ഗവര്‍ണറെ കണ്ടത്. രാവിലെ 9.30 മണിയോടെ രാജ്ഭവനില്‍ എത്തിയ പിണറായിയെ ഗവര്‍ണര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ച്ച് മന്ത്രിമാരുടെ പട്ടിക സ്വീകരിച്ചു. പതിനഞ്ച് മിനിറ്റ് നീണ്ട ഹൃസ്വചര്‍ച്ചയും നടത്തിയ ശേഷമാണ് പിണറായി രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷമാണ് വകുപ്പുകള്‍ കൈമാറുകയെന്ന് ഗവര്‍ണറെ കണ്ടശേഷം പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ സര്‍ക്കാരിനെ കാണുന്നത്. അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്കുള്ള ആദ്യ സമ്മാനമെന്തായിരിക്കും എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘നമുക്ക് നോക്കാമെന്നാ’യിരുന്നു മറുപടി.
പുതിയ സെക്രട്ടറി ശിവശങ്കര്‍ ഐ.എ.എസ് മാത്രമാണ് പിണറായിക്കൊപ്പം രാജ്ഭവനില്‍ എത്തിയത്. മുന്‍ സര്‍ക്കാരുകളില്‍ വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന വകുപ്പുകള്‍ വഹിച്ച് ശിവശങ്കറിനെ ഇന്നലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്.
രാജ്ഭവനില്‍ നിന്ന് ഇറങ്ങിയ പിണറായി നേരെ എ.കെ.ജി സെന്ററിലേക്കാണ് പോയത്. പത്തു മണിക്ക് സി.പി.ഐ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നിശ്ചയിച്ചിട്ടുണ്ട്. തുടര്‍ന്ന് 11ന് എല്‍.ഡി.എഫ് യോഗവും ചേരും.
വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മന്ത്രിമാരുടെ പേരുകള്‍ മാത്രമാണ് ഇപ്പോള്‍ കൈമാറിയത്. വകുപ്പുകള്‍ വ്യക്തമാക്കിയിട്ടില്ല. സത്യപ്രതിജ്ഞയ്ക്കു ശേഷമായിരിക്കും വകുപ്പുകള്‍ വ്യക്തമാക്കുക എന്ന് പിണറായി വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പുകള്‍ സംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ എ.കെ.ജി സെന്ററില്‍ നടക്കുകയാണ്. സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സി.പി.ഐ, എന്‍.സി.പി, ജെ.ഡി.എസ്, കോണ്‍ഗ്രസ്(എസ്) എന്നീ പാര്‍ട്ടികളിലെ മന്ത്രിമാരുടെ വകുപ്പുകളും തീരുമാനമാകും. സി.പി.ഐ മുന്‍പ് കൈകാര്യം ചെയ്തിരുന്ന ജലവിഭവം, നിയമം എന്നിവ നല്‍കിയേക്കും. ജെ.ഡി.എസിന് ഗതാഗത വകുപ്പ് നല്‍കുമെന്നും സൂചനയുണ്ട്.