പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയത് അവഗണനയും പീഡനവും മൂലമെന്ന് ഷെറിന്‍

08:33am 31/5/2016
Newsimg1_95085420
പിതാവിന്റെ ശിരസുമായി ഷെറിന്‍
ചെങ്ങന്നൂര്‍: വെടിവച്ചു കൊന്ന ശേഷം മകന്‍ കഷണങ്ങളായി മുറിച്ചു പലയിടത്ത് ഉപേക്ഷിച്ച പിതാവിന്റെ മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുത്തു. ചങ്ങനാശേരി പേരൂരിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നു തലയും ചിങ്ങവനം ടെസില്‍ കമ്പനിക്കു മുന്നിലെ വഴിയോരത്തു നിന്ന് ഉടലും ലഭിച്ചു. പമ്പയാറ്റില്‍ പാണ്ടനാട് ഇടക്കടവില്‍ നിന്നു ഞായറാഴ്ച ഇടതു കൈ ലഭിച്ചതിനു പുറമെ ഇന്നലെ വൈകിട്ടു പുളിങ്കുന്നില്‍ നിന്നു വലതു കാലും കണ്ടെത്തി. ഇടതു കാലും വലതു കൈയും കണ്ടെത്തിയിട്ടില്ല.

വിദേശ മലയാളി വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് വി.ജോണിനെ (68) വെടിവച്ചു കൊന്ന സംഭവത്തില്‍ മകന്‍ ഷെറിന്റെ (36) അറസ്റ്റ് പൊലീസ് ഇന്നലെ രേഖപ്പെടുത്തി. പിതാവിനെ വെടിവച്ചു കൊന്നശേഷം മൃതദേഹം ആറു കഷണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചതായി ഷെറിന്‍ ഇന്നലെ രാവിലെയാണു ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. തുടര്‍ന്നു മൃതദേഹ ഭാഗങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. കാലങ്ങളായുള്ള അവഗണനയും പണം സംബന്ധിച്ച തര്‍ക്കവും മൂലമാണു പിതാവിനെ കൊന്നതെന്നു ഷെറിന്‍ പൊലീസിനോടു പറഞ്ഞു. തെളിവു നശിപ്പിക്കാനാണു മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതും വെട്ടിമുറിച്ചതും. കൊല്ലാന്‍ ഉപയോഗിച്ച അമേരിക്കന്‍ നിര്‍മിത തോക്ക് പൊലീസ് കണ്ടെടുത്തെങ്കിലും വെട്ടിമുറിക്കാന്‍ ഉപയോഗിച്ച കത്തി കിട്ടിയിട്ടില്ല.

മക്കള്‍ ഡോ. ഷെറിലും ഡോ. ഷേര്‍ളിയും ജോയിയുടെ ശരരീഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. ജോയ് വി.ജോണിന്റെ ശരീരാവശിഷ്ടങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ശരീരഭാഗം ജോയ് വി.ജോണിന്റേതെന്നു സ്ഥിരീകരിക്കാന്‍ ഡിഎന്‍എയും ആവശ്യമെങ്കില്‍ സൂപ്പര്‍ ഇംപൊസിഷന്‍ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളും നടത്തുമെന്നു ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാര്‍ പറഞ്ഞു.

മൂന്നു ദിവസം പൊലീസിന്റെ ചോദ്യം ചെയ്യലിനോടു സഹകരിക്കാതിരുന്ന ഷെറിന്‍ ഇന്നലെ രാവിലെയാണു മനസ്സു മാറ്റിയത്. പിതാവിന്റെ ഭാഗത്തു നിന്നു ചെറുപ്പം മുതല്‍ അനുഭവിക്കുന്ന പീഡനവും അവഗണനയും മൂലമാണു ക്രൂരമായി കൊലപ്പെടുത്തിയതെന്നു ഷെറിന്‍ പറഞ്ഞു. പിതാവിന്റെ മാനേജര്‍ക്കു വൗച്ചര്‍ നല്‍കിയാലേ വട്ടച്ചെലവിനു പോലും പണം നല്‍കൂ എന്നു ശഠിച്ചതാണ് ഒടുവിലത്തെ പ്രകോപനം. മാത്രമല്ല, അമ്മയും സഹോദരനും ടെക്‌സസില്‍ നിന്ന് എത്തുമ്പോള്‍ വീട്ടില്‍ നിന്നു ഷെറിന്‍ മാറിത്താമസിക്കണമെന്നു ജോയ് നിര്‍ദേശിക്കുകയും ചെയ്തത്രെ. ഏതാനും ദിവസമായി ഷെറിന്‍ തിരുവല്ലയിലെ ലോഡ്ജിലാണു താമസിക്കുന്നത്. ഇതോടെയാണു ജോയിയുടെ തോക്ക് ഷെറിന്‍ കൈവശപ്പെടുത്തിയത്.

കഴിഞ്ഞ 25നു തിരുവനന്തപുരത്തു പോകാന്‍ ജോയി ഷെറിന്റെ സഹായം തേടി. തിരിച്ചു വരുമ്പോള്‍ സ്വന്തം കെട്ടിടത്തിന്റെ വാടകയായി വാങ്ങിയ ഒന്നര ലക്ഷം രൂപയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും ഷെറിന്‍ ജോയിയെ നാലു റൗണ്ട് തലയില്‍ വെടിവയ്ക്കുകയും ചെയ്തു. മുളക്കുഴ കൂരിക്കടവില്‍ വിജനമായ സ്ഥലത്തു വൈകിട്ടു നാലരയോടെയാണു കൊലപാതകം നടത്തിയത്. മൃതദേഹം ടവല്‍ കൊണ്ടു മൂടി മുകളില്‍ സീറ്റ് കമിഴ്ത്തി ഇട്ട ശേഷം ഷെറിന്‍ പലയിടത്തും കറങ്ങി നടന്നു.

തിരുവല്ലയിലെ ലോഡ്ജില്‍ പോയി കുളിച്ച ശേഷം ചെങ്ങന്നൂരില്‍ തങ്ങളുടെ ഷോപ്പിങ് കോംപ്ലക്‌സില്‍ തിരിച്ചെത്തി. മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ആറു കഷണങ്ങളാക്കി വെട്ടിമുറിച്ചു ചാക്കിലാക്കി. കൈകാലുകള്‍ ആറാട്ടുപുഴ പാലം, മംഗലം കടവ് എന്നിവിടങ്ങളിലും തല ചങ്ങനാശേരിയിലും ഉടല്‍ ചിങ്ങവനത്തും ഉപേക്ഷിച്ചു. ഇതിനിടെ കൈയിലെ ടാബ്‌­ലറ്റ് കംപ്യൂട്ടറില്‍ മൃതദേഹത്തിന്റെ ചിത്രങ്ങളും എടുത്തു.

വെട്ടുകത്തി ഷെറിന്‍ കാറില്‍ കരുതിയതുതന്നെ കൊലപാതകം മൂന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്നതിന്റെ തെളിവാണെന്നു പൊലീസ് പറഞ്ഞു. സംഭവശേഷം 26നു വീട്ടില്‍ വിളിച്ച്, പിതാവുമായി തര്‍ക്കമുണ്ടായെന്നും അബദ്ധം പറ്റിയെന്നും അമ്മയെ അറിയിച്ച ശേഷം ഷെറിന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. അവസാന കോളിന്റെ ടവര്‍ ലോക്കേഷനില്‍ നിന്നു ഷെറിന്‍ കോട്ടയത്തുണ്ടെന്നു മനസ്സിലാക്കി പൊലീസ് നടത്തിയ തിരച്ചിലിലാണു പിടികൂടാന്‍ സാധിച്ചത്.