പിറ്റ്ബുള്ളിന്റെ ആക്രമണത്തില്‍ ആറുവയസ്സുകാരന്‍ കൊല്ലപ്പെട്ടു –

07:45 am 19/1/2017
പി.പി. ചെറിയാന്‍
Newsimg1_12652466
അറ്റ്‌ലാന്റ: സ്കൂളിലേയ്ക്കു പോകുകയായിരുന്നു മൂന്നു കുട്ടികളെ പിറ്റ്ബുള്ളുകള്‍ ആക്രമിച്ചതിനെത്തുടര്‍ന്ന് ലോഗന്‍ എന്ന ആറുവയസ്സുകാരന്‍ കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന അഞ്ചു വയസ്സുള്ള സയ്‌റി എന്ന പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ജനുവരി 17ന് രാവിലെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കും മാതാവിനും പരുക്കേറ്റിട്ടുണ്ട്.

മൂന്നു കുട്ടികളും വീടുകളില്‍ നിന്നും സ്കൂള്‍ ബസ്സില്‍ കയറുന്നതിന് സ്റ്റോപ്പിലേയ്ക്ക് നടക്കുന്നതിനിടയിലാണ് പിറ്റ്ബുള്ളുകള്‍ അപ്രതീക്ഷിതമായി ആക്രമിച്ചത്. നിലവിളി കേട്ടെത്തിയ സമീപവാസിയാണ് നായകളെ ഓടിച്ചു വിട്ടത്. പിറ്റ്ബുള്ളിന്റെ ഉടമസ്ഥനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. മൂന്നു നായ്ക്കളേയും ആനിമല്‍ കണ്‍ട്രോള്‍ ഓഫിസേഴ്‌സിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. പുതിയ വര്‍ഷം ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.