പി.ജയരാജന്‍ റിമാന്‍ഡ്

02:14pm12/02/2016
p-jayarajan

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ കോടതിയില്‍ കീഴടങ്ങിയ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് അദ്ദേഹത്തെ കൊണ്ട് പോകുന്നത്. ശാരീരിക അവശതകള്‍ ഉള്ളതിനാല്‍ തനിക്ക് ഒരു സഹായിയെ വേണമെന്ന് ജയരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈകോടതി ഇന്നലെ തള്ളിയതിനെ തുടര്‍ന്നാണ് ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. പരിയാരം മെഡിക്കല്‍ കൊളെജില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെ 9.30ഓടെ ആശുപത്രി വിട്ടിരുന്നു. തുടര്‍ന്ന് എ.കെ.ജി സഹകരണ ആശുപത്രിയുടെ മൊബൈല്‍ ഐ.സി.യു ആംബുലന്‍സില്‍ കണ്ണൂരിലേക്ക് തിരിച്ചു. മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജയരാജന്‍ കോടതയിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. വ്യക്തിപരമായി തന്നെ ആക്രമിക്കാനുള്ള ആര്‍.എസ്.എസ് ഗൂഢാലോചനയാണ് തന്റെ അറസ്‌റ്റെന്ന് ജയരാജന്‍ പറഞ്ഞു. അനൗദ്യോഗികമായി ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം.വി. ജയരാജന്‍, കെ.കെ രാഗേഷ് എം.പി എന്നിവരും അദ്ദേഹത്തോടൊപ്പം കോടതിയിലെത്തിയിരുന്നു.

ജയരാജനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറാതിരിക്കാന്‍ പൊലീസ് എല്ലാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. അക്രമങ്ങളെ ശക്തമായി നേരിടുമെന്നും കണ്ണൂരിലെ പ്രശ്‌നങ്ങള്‍ പ്രത്യേകം പഠിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കി. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തില്‍ സി.പി.എം അക്രമസംഭവങ്ങള്‍ക്ക് മുതിരാനിടയില്ല. ജയരാജന്‍ വിഷയം അണികള്‍ വൈകാരികമായി എടുക്കാതിരിക്കാന്‍ പാര്‍ട്ടി എല്ലാ മുന്‍കരുതലും സ്വീകരിക്കും. ഒന്നിലേറെ തവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ കാര്യം ചൂണ്ടിക്കാട്ടി ജയിലില്‍ ജയരാജന് പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യവും പാര്‍ട്ടി ആലോചിക്കുന്നു. അതേസമയം, സി.ബി.ഐയുടെയോ, കോടതി നിര്‍ദേശിക്കുന്ന മെഡിക്കല്‍ സംഘത്തെയോ വെച്ച് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചും സി.ബി.ഐ റിപ്പോര്‍ട്ട് തയാറാക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ തിളക്കമാര്‍ന്ന വിജയത്തിന് ചുക്കാന്‍പിടിച്ച ജയരാജന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജയിലില്‍ കഴിയേണ്ടിവരുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നുറപ്പാണ്. എന്നാല്‍, ജില്ലാ സെക്രട്ടറിയുടെ അറസ്റ്റ് തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കാനാണ് പാര്‍ട്ടി നീക്കം. ജയരാജനെ ഒന്നിനുപിറകെ മറ്റൊന്നായി കേസുകളില്‍ കുടുക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം പ്രതികരിച്ചു. ഗൂഢാലോചനയില്‍ യു.ഡി.എഫിന് പങ്കുണ്ടെന്നും സി.പി.എം ആരോപിക്കുന്നു. ജയരാജനെ കുടുക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാക്ക് അയച്ച കത്ത് പുറത്തായതും അവര്‍ ഉപയോഗപ്പെടുത്തിയേക്കും. ഈ സന്ദേശമുയര്‍ത്തി ജില്ലയിലുടനീളം വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും.