പി.പി മുകുന്ദന്‍ ബി.ജെ.പി ആസ്ഥാനത്ത് തിരിച്ചെത്തി

10:05pm 18/04/2016
images
തിരുവനന്തപുരം: പി.പി മുകുന്ദന്‍ വീണ്ടും ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍. തിങ്കളാഴ്ച രാവിലെയാണ് മുകുന്ദന്‍ മാരാര്‍ജി ഭവനില്‍ എത്തിയത്. താന്‍ നേരത്തെ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെത്തേണ്ടതായിരുന്നുവെന്ന് മുകുന്ദന്‍ പ്രതികരിച്ചു. അതേസമയം, തണുപ്പന്‍ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. സംസ്ഥാന നേതാക്കളാരും തന്നെ മുകുന്ദനെ സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കള്‍ തിരുവനന്തപുരത്തുണ്ടായിരുന്നു.

അവസാരവാദ രാഷ്ട്രീയത്തേക്കാള്‍ ആദര്‍ശ രാഷ്ട്രീയത്തിനാണ് താന്‍ പ്രാധാന്യം നല്‍കിയത്. അതിനാലാണ് മറ്റൊരു പാര്‍ട്ടിയിലേക്കും പോകാതിരുന്നത്. പാര്‍ട്ടി സംവിധാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അക്കൗണ്ട് തുറക്കലല്ല, പരമാവധി സീറ്റ് നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും മുകുന്ദന്‍ പറഞ്ഞു. ആര്‍.എസ്.എസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുകുന്ദനെ തിരിച്ചെടുക്കുന്ന കാര്യം ബി.ജെ.പി പരിഗണിച്ചത്.

2006ലാണ് ബി.ജെ.പിയില്‍ നിന്ന് മുകുന്ദനെ പുറത്താക്കിയത്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം വഹിക്കുമ്പോഴായിരുന്നു പുറത്താക്കല്‍. എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി മുകുന്ദനുള്ള ബന്ധം ഈ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.