പീഡന ഇരകൾ ഭിക്ഷക്കാരല്ലെന്ന് ബോംബെ ഹൈക്കോടതി.

09:00 pm 01/3/2017
download
മുംബൈ: പീഡന ഇരകൾ ഭിക്ഷക്കാരല്ലെന്ന് ബോംബെ ഹൈക്കോടതി. പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് പരിഗണനയിൽവന്ന കേസ് പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ പരാമർശം. ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്നത് സർക്കാരിന്‍റെ കടമയാണെന്നും അതിനെ സഹാനുഭൂതിയായി കാണേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. കേസിൽ മഹാരാഷ്ട്ര സർക്കാരിന്‍റെ നിലപാടിനെ ഹൈക്കോടതി നിശിതമായി വിമർശിച്ചു.

സർക്കാരിന്‍റെ മനോധൈര്യ യോജ്ന പദ്ധതിയിൽനിന്ന് മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പീഡനത്തിനിരയായ പതിനാലുകാരി സമർപ്പിച്ച ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂരും ജസ്റ്റീസ് ജി.എസ്.കുൽക്കർണിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. വിവാഹവാഗ്ദാനം നൽകി മാനഭംഗപ്പെടുത്തിയെന്ന പരാതിയുമായി ബോറിവാലി സ്വദേശിയായ പെണ്‍കുട്ടിയാണ് കോടതിയെ സമീപിച്ചത്. മുന്പ് കേസ് പരിഗണിച്ചപ്പോൾ ഒരു ലക്ഷം രൂപ പെണ്‍കുട്ടിക്കു നഷ്ടപരിഹാരം നൽകിയെന്നു സർക്കാർ കോടതിയെ അറിയിച്ചു. ഇക്കുറി രണ്ടു ലക്ഷം മാത്രമേ ഇര നഷ്ടപരിഹാരം അർഹിക്കുന്നുള്ളുവെന്ന് സർക്കാർ നിലപാടെടുത്തു. ഇതേതുടർന്നാണ് കോടതി സർക്കാരിനെതിരേ രൂക്ഷവിമർശനമുയർത്തിയത്.

ഇക്കാര്യത്തിൽ സർക്കാരിന്‍റെ നിലപാട് ഹൃദയശൂന്യവും കഠിനവുമാണെന്ന് കോടതി നിരീക്ഷിച്ചു. മനോധൈര്യ യോജ്ന പദ്ധതി ഇരയുടെ ആത്മവിശ്വാസം ഉയർത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും സർക്കാർ നിലപാട് ഇതിനു നേർവിപരീതമാണെന്ന് കോടതി വിമർശിച്ചു.