പൂവരണി പെണ്‍വാണിഭം : ഒന്നാം പ്രതിക്ക്‌ 18 വര്‍ഷം തടവ്‌

05:38pm 28/5/2016
download (8)
കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതി ലിസിക്കു മൂന്നു വകുപ്പുകളിലായി 18 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ടും മൂന്നും പ്രതികളായ ജോമിനിക്കും ജ്യോതിഷിനും 22 വര്‍ഷം തടവും മൂന്നര ലക്ഷം രൂപ പിഴയും നാലാം പ്രതി തങ്കമണിക്ക്‌ ആറു വര്‍ഷം തടവും 35,000 രൂപ പിഴയുമാണു ശിക്ഷ. അഞ്ചാം പ്രതി സതീഷ്‌കുമാറിന്‌ 14 വര്‍ഷം തടവും 1,65,000 രൂപ പിഴയും ആറാം പ്രതി രാഖിക്കു 14 വര്‍ഷം തടവും 85,000 രൂപ പിഴയും വിധിച്ചു.
ഏറെ വിവാദമായ കേസില്‍ അഡീഷണല്‍ ഡിസ്‌ട്രിക്‌ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ കോടതി ഒന്ന്‌ ജഡ്‌ജി കെ. ബാബുവാണു ശിക്ഷ വിധിച്ചത്‌. ശിക്ഷാ കാലാവധി ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ഒന്നാം പ്രതി ഏഴു വര്‍ഷവും രണ്ട്‌, മൂന്ന്‌, അഞ്ച്‌ പ്രതികള്‍ ആറ്‌ വര്‍ഷവും നാല്‌, ആറ്‌ പ്രതികള്‍ നാലു വര്‍ഷവും തടവില്‍ കിടന്നാല്‍ മതിയാകും. പിഴ ഒടുക്കിയില്ലങ്കില്‍ ഒരു ലക്ഷം രൂപയ്‌ക്ക്‌ ഒരോ വര്‍ഷം എന്ന കണക്കില്‍ തടവ്‌ അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിയുടെ മാതാവിനു നല്‍കണമെന്നും വിധിയില്‍ പറയുന്നു.
കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത്‌. കുറ്റക്കാരല്ലെന്നു കണ്ട്‌ അഞ്ചുപേരെ വെറുതെവിട്ടിരുന്നു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ മൂന്നാം സാക്ഷി മണര്‍കാട്‌ മൂലയില്‍കുന്നുംപുറം വീട്ടില്‍ നാരായണന്‍ ഉണ്ണിയുടെ മകള്‍ അനശ്വര (അമ്പിളി) വിചാരണക്കിടെ കൂറുമാറി. അമ്പിളിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യം ഇന്നലെ പ്രോസിക്യൂഷന്‍ ഉന്നയിച്ചു. ഒന്നുമുതല്‍ ആറുവരെ പ്രതികളായ അയര്‍ക്കുന്നം സ്വദേശി ലിസി, തീക്കോയി സ്വദേശി ജോമിനി, പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ്‌, പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി, കൊല്ലം തൃക്കരുവ സ്വദേശി സതീഷ്‌കുമാര്‍, തൃശൂര്‍ പറക്കാട്ട്‌ സ്വദേശി രാഖി എന്നിവര്‍ കുറ്റക്കാരാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഏഴാം പ്രതി പായിപ്പാട്‌ സ്വദേശി ഷാന്‍ കെ. ദേവസ്യ, എട്ടാം പ്രതി ജോബി ജോസഫ്‌, ഒന്‍പതാം പ്രതി തിരുവനന്തപുരം വീരണകാവ്‌ സ്വദേശി ദയാനന്ദന്‍, പതിനൊന്നാം പ്രതി കോട്ടയം രാമപുരം സ്വദേശി ബിനോ അഗസ്‌റ്റിന്‍, പന്ത്രണ്ടാം പ്രതി കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി ജോഷി എന്നിവരെയാണു കുറ്റക്കാരല്ലെന്നു കണ്ടു വെറുതെവിട്ടത്‌. പത്താം പ്രതി നെയ്യാറ്റിന്‍കര സ്വദേശി ഉല്ലാസ്‌ വിസ്‌താരം നടക്കുന്നതിനിടെ ജീവനൊടുക്കി.
കുറ്റക്കാരാണെന്നു കണ്ടെത്തിയവര്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടോയെന്നു കോടതി ചോദിച്ചു. അസുഖമാണന്നും കനിവുണ്ടാകണമെന്നായിരുന്നു ഒന്നാം പ്രതി ലിസിയുടെ അപേക്ഷ. ബാക്കി പ്രതികള്‍ വീട്ടില്‍ ആശ്രയമായി മറ്റാരുമില്ലെന്നു മറുപടി പറഞ്ഞു. പാലാ സെന്റ്‌ മേരീസ്‌ സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ ബന്ധുവായ സ്‌ത്രീ പല സ്‌ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണു പ്രോസിക്യൂഷന്‍ കേസ്‌. 2007 ഓഗസ്‌റ്റ്‌ മുതല്‍ 2008 ജൂലൈ വരെ ക്രൂരപീഡനനത്തിനിരയായ പെണ്‍കുട്ടി എയ്‌ഡ്‌സ്‌ ബാധിച്ചു മരണമടയുകയായിരുന്നു. കന്യാകുമാരി, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ബന്ധുവായ ലിസിയുടെ വീട്ടില്‍വച്ചും പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്‌ചവച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്‍പന നടത്തല്‍, മാനഭംഗം എന്നീ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരേ ചുമത്തിയത്‌. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന്‌ 183 സാക്ഷികളുടെ പട്ടികയും 220 പ്രമാണങ്ങളും 11 തൊണ്ടിസാധനങ്ങളും കോടതിയില്‍ ഹാജരാക്കി. ചങ്ങനാശേരി പോലീസ്‌ 2008 ലാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. സി.ഐ. പി. ബിജോയിയാണ്‌ അന്വേഷണം നടത്തിയത്‌. ഡിവൈ.എസ്‌.പിയായി സ്‌ഥാനക്കയറ്റം ലഭിച്ച ബിജോയ്‌ സ്‌ഥലം മാറ്റം കിട്ടി ക്രൈം ബ്രാഞ്ചിലേക്കു പോയെങ്കിലും സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അദ്ദേഹത്തെ തന്നെ അന്വേഷണത്തിനായി നിയോഗിക്കുകയായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ഈ അന്വേഷണ ഉദ്യോഗസ്‌ഥന്‍ വിധി കേള്‍ക്കാന്‍ ഇന്നലെ കോടതിയിലും എത്തിയിരുന്നു.