02:30 0m 12/4/2017
ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ ഡീസൽ വില ഇനി ദിനംപ്രതി മാറിയേക്കുമെന്ന് റിപ്പോർട്ട്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഈ നീക്കത്തിനു പിന്നിലെന്നും മേയ് ഒന്നു ഇത് നടപ്പിൽവരുമെന്നുമാണ് റിപ്പോർട്ട്. രാജ്യത്തെ അഞ്ച് നഗരങ്ങളിലായിരിക്കും ഇത് ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുകയെന്നും സൂചനയുണ്ട്.
പുതുച്ചേരി, വിശാഖപട്ടണം, ഉദയ്പുർ, ജംഷഡ്പുർ, ചണ്ഡീഗഡ് എന്നിവിടങ്ങളിലായിരിക്കും ആദ്യം ഇത് നടപ്പിലാക്കുകയെന്നാണ് സൂചന. അന്താരാഷ്ട്ര എണ്ണവിലയിൽ വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇതെന്നാണ് പൊതുമേഖലാ എണ്ണ ക്കമ്പനികൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ 90 ശതമാനം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും കൈയാളുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികളാണ്. പുതിയ തീരുമാനം നടപ്പാക്കാനൊരുങ്ങുന്ന അഞ്ച് നഗരങ്ങളിൽ മാത്രം ഇരുനൂറിലേറെ പമ്പുകളാണ് ഈ മൂന്നു കമ്പനികൾക്കുമായി ഉള്ളത്.
കമ്മീഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഞായറാഴ്കളിൽ ഇനിമുതൽ പമ്പുകൾ തുറക്കില്ലെന്ന മുന്നറിയിപ്പുമായി പെട്രോൾ പമ്പുടമകളുടെ കൺസോർഷ്യം രംഗത്തെത്തിയതിനു പിന്നാലെയാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ പുതിയ നീക്കം. മറ്റു ദിവസങ്ങളിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെയേ പമ്പുകൾ തുറക്കുകയുള്ളുവെന്നും കൺസോർഷ്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.