പൊലീസുകാര്‍ മൂന്നാംമുറ പ്രയോഗിക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി –ഡി.ജി.പി

10:41 AM 09/08/2016
download (1)
തിരുവനന്തപുരം: മാന്യമായ പെരുമാറ്റമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും അതിനുവിരുദ്ധമായ പ്രവണതകള്‍ ഒഴിവാക്കാന്‍ സിവില്‍ പോലീസ് ഓഫിസര്‍മാര്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ.
കസ്റ്റഡിയിലാകുന്നവരോട് മൂന്നാംമുറ പാടില്ളെന്നും ട്രാഫിക് പരിശോധന, ക്രമസമാധാനപാലനം തുടങ്ങിയ അവസരങ്ങളില്‍ പ്രകോപനമുണ്ടായാല്‍പ്പോലും പരമാവധി സംയമനം പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജനങ്ങളോട് മാന്യവും സൗഹാര്‍ദപൂര്‍വവുമായി ഇടപെടണമെന്ന നിര്‍ദേശം സംസ്ഥാന പൊലീസ് മേധാവിയെന്നനിലയില്‍ താന്‍ ചുമതലയേറ്റവേളയില്‍തന്നെ നല്‍കിയിട്ടുള്ളതാണ്. അതിനുവിരുദ്ധമായ നടപടികള്‍ ഇപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ട്രാഫിക് പരിശോധനാവേളയില്‍ ഒരാളെ വയര്‍ലസ് സെറ്റ്കൊണ്ടടിച്ച നടപടി അത്തരത്തിലുള്ളതാണ്. ഇത് അങ്ങേയറ്റം ഗൗരവമായി കാണുന്നു.
ഈ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ക്രിമിനല്‍ കേസും വകുപ്പുതല നടപടികളുമെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു പെരുമാറ്റം പൊലീസ് സേനാംഗത്തിന്‍െറ ഭാഗത്തുനിന്നുണ്ടായതില്‍ സംസ്ഥാന പൊലീസ് മേധാവി എന്നനിലയില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ബെഹ്റ പ്രസ്താവനയില്‍ പറഞ്ഞു.

മൂന്നാംമുറക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാരും റെയ്ഞ്ച് ഐ.ജിമാരും സോണല്‍ എ.ഡി.ജി.പിമാരും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൊതുജനങ്ങളോടുള്ള സമീപനം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി പൊലീസുകാര്‍ക്ക് ‘സോഫ്റ്റ് സ്കില്‍’ പരിശീലന പരിപാടി ഈ മാസം മുതല്‍ നടപ്പാക്കുമെന്നും ബെഹ്റ അറിയിച്ചു.