പൊലീസ് തെരയുന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടു

10.43 AM 30/10/2016
Zakir_Hussian_CPM_leader_760x400
ക്വട്ടേഷന്‍ കേസില്‍ പൊലീസ് തെരയുന്ന സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീര്‍ ഹുസൈന്‍ കേരളം വിട്ടെന്ന് പൊലീസ്. കഴിഞ്ഞ ദിവസം കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സക്കീര്‍ കുടകിലേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. വിദേശത്തേക്ക് കടക്കാതിരിക്കാന്‍ സക്കീറിനെതിരെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നടപടി തുടങ്ങി.

യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പാര്‍ട്ടി ഓഫീസില്‍ താമസിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായ സക്കീര്‍ ഹുസൈനെ പൊലീസ് തെരയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതല്‍ സക്കീറിനെ പിടികൂടാന്‍ പൊലീസ് സംഘം ശ്രമിച്ചു വരികയാണ്. സക്കീര്‍ സെക്രട്ടറിയായ കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വ്യാഴാഴ്ച തന്നെ സക്കീര്‍ ഒളിവില്‍പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞദിവസം കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ സക്കീര്‍ കുടകിലേക്ക് കടന്നെന്നാണ് അന്വേഷണ സംഘത്തിന് മനസ്സിലാക്കാനായത്. സക്കീറിനെ പിടികൂടാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ സക്കീര്‍ വിദേശത്തേയ്‍ക്കു കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നടപടി തുടങ്ങി. തിങ്കളാഴ്ചയോടെ ലുക്കൗട്ട് നോട്ടീസ് തയ്യാറാകും. പൊലീസ് പിടികൂടും മുമ്പ് കോടതി വഴി മുന്‍കൂര്‍ജാമ്യം തേടാനുള്ള ശ്രമത്തിലാണ് സക്കീര്‍. ഇതിനായി ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിക്കഴിഞ്ഞു. ഇതിനിടെ കേസിലെ കേസിലെ മൂന്നാം പ്രതിയെയും തിരിച്ചറിഞ്ഞു. ബിസിനസുകാരിയ സാന്ദ്ര തോമസിനെ തട്ടിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ ഫൈസലാണിത് . എഫ് ഐ ആറില്‍ നേപ്പാളിയെ പോലെ തോന്നിക്കുന്ന കണ്ടാലറിയാവുന്ന ആള് എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഇപ്പോള്‍ ജില്ലാ ജയിലില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് താമസിയാതെ രേഖപ്പെടുത്തും.