പേഴ്സനല്‍ സ്റ്റാഫ് നിയമനം: വി.എസിന്‍െറ പട്ടികയില്‍ പാര്‍ട്ടിയുടെ ‘തിരുത്ത്’

08 :49 AM 10/09/2016
images (6)
തിരുവനന്തപുരം: ഭരണപരിഷ്കാര കമീഷനില്‍ വി.എസ്. അച്യുതാനന്ദന്‍ നിര്‍ദേശിച്ച പേഴ്സനല്‍ സ്റ്റാഫ് അംഗങ്ങളുടെ പട്ടികയില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍െറ ‘തിരുത്ത്’. അഡീഷനല്‍ പി.എ ആയി തന്‍െറ വിശ്വസ്തന്‍ വി.കെ. ശശിധരനെയും പേഴ്സനല്‍ സ്റ്റാഫ് അംഗമായി സന്തോഷിനെയും നിയമിക്കാനുള്ള വി.എസിന്‍െറ ശിപാര്‍ശയാണ് സെക്രട്ടേറിയറ്റ് യോഗം തള്ളിയത്. പുതുക്കിയ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കാനും ധാരണയായി. ഭരണപരിഷ്കാര കമീഷനെ സംബന്ധിച്ച് സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഓഫിസിന്‍െറ സ്ഥലം നിശ്ചയിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചും വി.എസ് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. 2006ല്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീട് പ്രതിപക്ഷ നേതാവായിരുന്നപ്പോഴും വി.എസിന്‍െറ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്നു വി.കെ. ശശിധരന്‍. വിഭാഗീയത ആരോപിച്ച് അദ്ദേഹത്തെ പിന്നീട് പേഴ്സനല്‍ സ്റ്റാഫില്‍നിന്നും പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയിരുന്നു. യു.ഡി.എഫ് അനുഭാവിയെന്ന ആക്ഷേപമാണ് സന്തോഷിന്‍െറ പേര് അംഗീകരിക്കാതിരിക്കാന്‍ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
പേഴ്സനല്‍ സ്റ്റാഫിന്‍െറ അംഗസംഖ്യ 13 ആയി നിശ്ചയിച്ചിരുന്നെങ്കിലും വി.എസ് 20 പേരുടെ പട്ടികയാണ് നല്‍കിയത്. ഇക്കാര്യത്തിലും ഒരു വീട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് സര്‍ക്കാറിനും നേതൃത്വത്തിനും.