04:10 pm 12/5/2017

ലഖ്നൊ: ഉത്തർ പ്രദേശിൽ പോത്തിനെ അറുത്തുവെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം മർദിച്ചു. അലിഗഢിലെ അച്ചല്‍ താല്‍ പ്രദേശത്ത് യുവാവ് പോത്തിനെ കശാപ്പ് ചെയ്യുന്നതായി പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്നെത്തിയ ആൾക്കൂട്ടമാണ് യുവാവിനെ വലിച്ചിഴക്കുകയും മർദിക്കുകയും ചെയ്തത്. വിവരം അറിഞ്ഞെത്തിയ പൊലീസ് ആളുകളിൽ നിന്ന് യുവാവിനെ രക്ഷപ്പെടുത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
യുവാവിനെ മർദിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നിരവധി ബീഫ് വിൽപന കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയൂം ഗോരക്ഷ പ്രവർത്തകരുടെ അതിക്രമങ്ങൾ വർധിക്കുകയൂം ചെയ്തിട്ടുണ്ട്. 2015ൽ യുപിയിലെ ദാദ്രിയിൽ പശുവിനെ അറുത്തുവെന്നാരോപിച്ച് 60കാരനായ അഖ്ലാഖിനെ ആൾക്കൂട്ടം അടിച്ച് കൊന്നിരുന്നു.
