12.34 AM 27/01/2017
ബെർലിൻ: ജർമനിയിൽ പോലീസ് ഓഫീസറെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ 16 വയസുകാരിക്ക് ആറു വർഷം തടവുശിക്ഷ. ജർമൻ പൗരത്വമുള്ള മൊറാക്കോ വംശജ സഫിയയെയാണ് കുറ്റക്കാരിയായ കണ്ടെത്തിയത്. ഭീകരാക്രമണ പദ്ധതിയെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും അധികാരികളെ അറിയിക്കാത്തതിന്റെ പേരിൽ മുഹമ്മദ് ഹസൻ എന്നയാൾക്ക് രണ്ടര വർഷം തടവും കോടതി വിധിച്ചു.
കഴിഞ്ഞവർഷം ഫെബ്രുവരി 26നായിരുന്നു ഹനോവർ സെൻട്രൽ സ്റ്റേഷനിലെ പോലീസുകാരനെ സഫിയ കുത്തിപ്പരിക്കേൽപ്പിച്ചത്. പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ കാർഡ് ആവശ്യപ്പെട്ടപ്പോൾ സഫിയ കൈവശമിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഐഎസിന്റെ കൃത്യമായ നിർദേശപ്രകാരമായിരുന്നു പോലീസുകാരനെ ആക്രമിച്ചതെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
ഐഎസിൽ ചേരാൻ തുർക്കിഷ് നഗരമായ ഇസ്റ്റാംബുളിലേക്ക് പോയ സഫിയ ജർമനിയിലേക്ക് മടങ്ങിയെത്തിയിട്ടു ആഴ്ചകൾ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം. മാതാവ് നിർബന്ധപൂർവം ജർമനിയിൽ എത്തിച്ച സഫിയ ഐഎസുമായുള്ള ഇന്റർനെറ്റ് വഴി ബന്ധം തുടരുകയായിരുന്നു.