04:44 pm 5/5/2017
തിരുവനന്തപുരം: ടി.പി. സെൻകുമാർ സംസ്ഥാന പോലീസ് മേധാവിയായി തിരിച്ചെത്തുന്നതിനു തൊട്ടു മുമ്പു പോലീസിൽ വീണ്ടും വൻ അഴിച്ചുപണി. സംസ്ഥാനത്ത് 100 ഡിവൈഎസ്പിമാരെ സ്ഥലമാറ്റിക്കൊണ്ട് സർക്കാർ ഇന്ന് ഉത്തരവിറക്കി. എസ്പി മുതൽ എഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റി സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയിരുന്നു.
ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ്, സ്പെഷ്യൽ ബ്രാഞ്ച്, പോലീസ് അക്കാദമി, നാർക്കോട്ടിക് സെൽ, വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡിവൈഎസ്പിമാരെയാണ് സ്ഥലം മാറ്റിയിട്ടുള്ളത്.
വ്യാഴാഴ്ച ടോമിൻ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി നിയമിച്ചു. തീരദേശ പോലീസ് എഡിജിപിയായിരുന്നു ടോമിൻ ജെ. തച്ചങ്കരി. പോലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന അനിൽ കാന്തിനെ വിജിലൻസ് എഡിജിപിയായി മാറ്റി നിയമിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിലെ ഒഴിവുള്ള എഡിജിപി തസ്തികയിലാണു നിയമനം. ഷേക് ദർബേഷ് സാഹിബാണു മറ്റൊരു എഡിജിപി. പോലീസ് ആസ്ഥാനത്തെ ഐജിയായി ബൽറാം കുമാർ ഉപാധ്യായയെ നിയമിച്ചിരുന്നു.