പൊതുപരീക്ഷ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന്, പരീക്ഷ രണ്ടു ഘട്ടം; മേയ് ഒന്ന്, ജൂലൈ 24

08:59am 29/4/2016
images
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനം ഇക്കൊല്ലം ദേശീയ പൊതു പ്രവേശന പരീക്ഷ (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നീറ്റ്) യില്‍ നിന്ന്. സംസ്ഥാന സര്‍ക്കാരുകളും വിവിധ സ്ഥാപനങ്ങളും നടത്തിയ പ്രവേശന പരീക്ഷകള്‍ എം.ബി.ബി.എസ്, ബി.ഡി.എസ്. കോഴ്‌സ് പ്രവേശനത്തിന്റെ കാര്യത്തില്‍ അപ്രസക്തമായി. ഇക്കൊല്ലത്തെ പൊതുപരീക്ഷ രണ്ടു ഘട്ടമായി നടത്താമെന്നു കാട്ടി സി.ബി.എസ്.ഇ. സമര്‍പ്പിച്ച സമയക്രമം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
മേയ് ഒന്നിനു നടത്തുന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (എ.ഇ.പി.എം.ടി) നീറ്റിന്റെ ഒന്നാം ഘട്ടമായി കണക്കാക്കും. അതിന് അപേക്ഷിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികളില്‍ നിന്ന് നിശ്ചിത ഫീസടക്കം അപേക്ഷ സ്വീകരിച്ച് ജൂലൈ 24ന് രണ്ടാം ഘട്ട പരീക്ഷ നടത്തും. രണ്ടു പരീക്ഷകളും മൂല്യനിര്‍ണയം നടത്തി ഓഗസ്റ്റ് 17ന് റാങ്ക് പട്ടിക പ്രഖ്യാപിക്കും. സെപ്റ്റംബര്‍ 30നാണ് പ്രവേശനം പൂര്‍ത്തിയാകേണ്ടത്.
സി.ബി.എസ്.ഇ. ലഭ്യമാക്കുന്ന റാങ്ക് പട്ടികയിലുള്ളവരില്‍ നിന്നു സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സ്വീകരിച്ച് കൗണ്‍സലിങ്ങും പ്രവേശനവും നടത്താം. മെറിറ്റ് കണക്കാക്കുന്നത് അഖിലേന്ത്യാ റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാകണം. പരീക്ഷ സുഗമമായി നടത്തുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും പോലീസും സ്ഥാപനങ്ങളും സി.ബി.എസ്.ഇക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കണം.
വിധി നടപ്പാക്കുന്നതിനു ബുദ്ധിമുട്ടുകള്‍ നേരിടുന്നപക്ഷം സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ്. നീറ്റ് പരീക്ഷ സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള വിവിധ ഹര്‍ജികള്‍ സമയമെത്തുമ്പോള്‍ പരിഗണിക്കുമെന്നും ഇപ്പോഴത്തെ വിധി ആ ഹര്‍ജികളുടെ വാദത്തെ ബാധിക്കില്ലെന്നും ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവേ, ശിവകീര്‍ത്തി സിങ്, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
രാജ്യത്തെ എല്ലാ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലെയും മെഡിക്കല്‍, ഡെന്റല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്ക് മെഡിക്കല്‍ കൗണ്‍സിലും ഡെന്റല്‍ കൗണ്‍സിലും നിര്‍ദേശിച്ച പൊതുപ്രവേശന പരീക്ഷ റദ്ദാക്കിയ 2013ലെ ഉത്തരവ് കഴിഞ്ഞ ഏപ്രില്‍ 11ന് ജസ്റ്റിസ് അനില്‍ ആര്‍. ദവെ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പിന്‍വലിച്ചിരുന്നു. നീറ്റ് നടത്താമെന്ന് കേന്ദ്ര സര്‍ക്കാരും സി.ബി.എസ്.ഇയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും കോടതിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അലംഭാവമാണുള്ളതെന്നു ചൂണ്ടിക്കാട്ടിയും ഇക്കൊല്ലം തന്നെ നീറ്റ് നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടും സങ്കല്‍പ് ചാരിറ്റബിള്‍ ട്രസ്റ്റാണു സുപ്രീം കോടതിയെ സമീപിച്ചത്. വിവിധ സംസ്ഥാനങ്ങളും സ്ഥാപനങ്ങളും നടത്തുന്ന തൊണ്ണൂറോളം പരീക്ഷകള്‍ എഴുതേണ്ട സാഹചര്യം പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിക്കുകയാണെന്നും സങ്കല്‍പിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് കുമാര്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച ഈ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഇതു സംബന്ധിച്ച നിലപാടും പരീക്ഷ നടത്താന്‍ കഴിയുന്ന സമയക്രമവും അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും സി.ബി.എസ്.ഇക്കും നിര്‍ദേശം നല്‍കി. അവര്‍ സമര്‍പ്പിച്ച സമയക്രമം അംഗീകരിച്ചാണ് ഇക്കൊല്ലം പൊതു പ്രവേശന പരീക്ഷ നടത്താന്‍ കോടതി ഇന്നലെ ഉത്തരവിട്ടത്.
മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ അഴിമതിമുക്തമാക്കാനും പാവപ്പെട്ട വിദ്യാര്‍ഥികളെ പ്രവേശനത്തില്‍ നിന്നു തടയുന്ന തലവരിപ്പണമെന്ന പ്രവണത ഇല്ലാതാക്കാനും മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും ഇല്ലാതാക്കാനും ദേശീയ പൊതുപ്രവേശന പരീക്ഷ ഉപകരിക്കുമെന്ന് ഭരണഘടനാ ബെഞ്ച് നേരത്തേ നിരീക്ഷിച്ചിരുന്നു.