പോപ് ഗായകന്‍ പ്രിന്‍സ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

08:37am 22/04/2016
download (2)
മിനിസോട്ട: പ്രശസ്ത പോപ് ഗായകന്‍ പ്രിന്‍സ് റോജേഴ്‌സ് നെല്‍സണ്‍ ( 57) ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മിനിസോട്ടയിലെ പെയ്‌സലെ പാര്‍ക്ക് എസ്‌റ്റേറ്റിലുള്ള വസതിയിലെ ലിഫ്റ്റിനുള്ളില്‍ പ്രിന്‍സിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണ വിവരമറിഞ്ഞ് നൂറുകണക്കിന് ആരാധകര്‍ അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ തടിച്ചുകൂടി. മുപ്പതിലധികം ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ലെറ്റ്‌സ് ഗോ ക്രേസി, വെന്‍ ഡോവ്‌സ് െ്രെക എന്നീ ആല്‍ബങ്ങള്‍ പ്രശസ്തമാണ്.

1980 ലും 1990 ലും പുറത്തിറങ്ങിയ പര്‍പ്ള്‍ റെയ്ന്‍, സൈന്‍ ഒ ദ ടൈംസ് എന്നീ ആല്‍ബങ്ങളിലൂടെയാണ് പ്രിന്‍സ് പ്രശസ്തനാകുന്നത്. 1958ല്‍ ജനിച്ച പ്രിന്‍സ് ഗായകനായും ഗാനരചയിതാവും കഴിവ് തെളിയിച്ചു. ഏഴാം വയസിലാണ് പ്രിന്‍സ് ആദ്യ ഗാനം രചിക്കുന്നത്.

അതേസമയം, പ്രിന്‍സിന്റെ വസതിയില്‍ നിന്നും വൈദ്യസഹായത്തിനായി എമര്‍ജന്‍സി നമ്പരിലേക്ക് ഫോണ്‍കോള്‍ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശിക സമയം 9.43 നാണ് ഫോണ്‍കോള്‍ പോയിരിക്കുന്നത്. മരണം 10.07 നാണ് സംഭവിച്ചിരിക്കുന്നതെന്ന് പൊലീസ് പറയുന്നു.