പോളിംഗ് അവസാനിക്കുമ്പോള്‍ 71.7%

08:10pm 16/5/2016
download (2)
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും രാവിലെ മുതല്‍ പെയ്യുന്ന മഴയെ അവഗണിച്ച് കേരളം ബൂത്തിലേക്ക് ഒഴുകുന്നത് ഏറെ പ്രതീക്ഷയോടെയാണു മുന്നണികള്‍ കാണുന്നത്. ഗ്രാമ നഗര വ്യത്യാസമില്ലാതെ വലിയ ക്യൂവാണ് അവസാന മണിക്കൂറിലും ബൂത്തുകള്‍ക്കു മുന്നില്‍.വൈകിട്ട് ആറു മണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ആറരയോടെ വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, വി.എസ്. അച്യുതാനന്ദന്‍, എ.കെ. ആന്റണി തുടങ്ങിയ പ്രമുഖര്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. പോളിങ്ങിനിടെ ചിലേടത്ത് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും തകരാറുകള്‍ പരിഹരിച്ച് വോട്ടെടുപ്പു പുരോഗമിക്കുകയാണ്.
എല്ലാവരും വോട്ട് ചെയ്യണമെന്നും, ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ കേരളത്തില്‍ വോട്ട് ചെയ്തു എന്ന പ്രത്യേകതയ്ക്കും ഇന്നത്തെ വോട്ടെടുപ്പ് സാക്ഷിയായി. ഗവര്‍ണര്‍ പി. സദാശിവം രാവിലെതന്നെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങി. എല്ലാവരും വോട്ട് ചെയ്യണമെന്നു ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
സംസ്ഥാനത്ത് ഇടതു തരംഗമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. അഴിമതിക്കെതിരായ വിധിയെഴുത്തെന്നു പിണറായി വിജയനും കേരള രാഷ്ട്രീയം വഴിത്തിരിവിലാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും വോട്ട് രേഖപ്പെടുത്തിയശേഷം പ്രതികരിച്ചു. കേരളം പുതിയ ചരിത്രമെഴുതുമെന്നും അഞ്ചു വര്‍ഷം മാറിമാറി മുന്നണികള്‍ അധികാരത്തില്‍ വരുന്നതു മാറുമെന്നും യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും എ.കെ. ആന്റണി പറഞ്ഞു. വിജയം സുനിശ്ചിതമെന്ന് ഉമ്മന്‍ ചാണ്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒറ്റപ്പെട്ട ചില തര്‍ക്കങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വോട്ടെടുപ്പ് പൊതുവേ സമാധാനപരമാണ്. റാന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജു ഏബ്രഹാമിനെതിരെ വ്യാജ നോട്ടിസ് വിതരണം ചെയ്ത മൂന്നു ബിഡിജെഎസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ കൂത്തുപറമ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പയ്യന്നൂര്‍ ചെറുതാഴം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂലില്‍ തിരച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയ ആളെ റിട്ടേണിങ് ഓഫിസര്‍ തടഞ്ഞു. ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. മുഹമ്മ കായിപ്പുറത്ത് സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.