പോർച്ചുഗൽ മുൻ പ്രസിഡന്റ് മരിയോ സോരെസ് അന്തരിച്ചു

02.13 PM 08/01/2017
Mario-Soares_1001
ലിസ്ബൻ: പോർച്ചുഗൽ മുൻ പ്രസിഡന്റ് മരിയോ സോരെസ്(92) അന്തരിച്ചു. വാർധ്യകകാല രോഗങ്ങളെ തുടർന്നു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. പോർച്ചുഗലിൽ വോട്ടെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ജനാധിപത്യ സർക്കാരിന്റെ നേതാവായിരുന്നു സോരെസ്.

കർനേഷൻ റെവലൂഷന്റെ 48 വർഷം നീണ്ട വലതുപക്ഷ സേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയ സോരെസ് 1976 മുതൽ 1978 വരെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു. പിന്നീടു 1983ൽ വീണ്ടും പ്രധാനമന്ത്രി പദത്തിൽ എത്തിയ അദ്ദേഹം 1985വരെ സ്‌ഥാനം വഹിച്ചു. 1986ൽ പോർച്ചുഗലിന്റെ 17–ാമത്തെ പ്രസിഡന്റായി അധികാരമേറ്റ സോരെസ് 1996 മാർച്ച് ഒമ്പതിന് സ്‌ഥാനമൊഴിഞ്ഞു. 2006ൽ വീണ്ടും പ്രസിഡന്റ് സ്‌ഥാനത്തേക്ക് മത്സരിച്ചെങ്കിലും മൂന്നാം സ്‌ഥാനത്ത് എത്താനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. സോരെസിന്റെ നിര്യാണത്തെ തുടർന്നു രാജ്യത്തു മൂന്നു ദിവസത്തെ ദുഃഖാചരണം നടത്തുമെന്നു പോർച്ചുഗൽ അറിയിച്ചു.