പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്; 2 പേര്‍ പിടിയില്‍

02.52 AM 12/11/2016
arrest_760x400
കോഴിക്കോട്: പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോഴിക്കോട് താമരശ്ശേരി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ രണ്ട് പേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.തട്ടിപ്പിനിരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ വായ്പ ലഭിക്കുമെന്നും മൂന്ന് ലക്ഷം തിരിച്ചടച്ചാല്‍ മതി എന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയില്‍ താമരശ്ശേരി അമ്പായത്തോട് സ്വദേശി ഹംസ മുസ്ലിയാര്‍, പള്ളിപ്പുറം വാടിക്കല്‍ സ്വേദേശി രാമകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.
നിര്‍ധന കുടുംബങ്ങളുടെ വീടുകള്‍ കണ്ടെത്തി ലോണ്‍ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും അപേക്ഷ നല്‍കാനായി താമരശ്ശേരിയിലെത്താന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു ചെയ്തിരുന്നത്. താമരശ്ശേരി അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനടുത്തുള്ള ഫോട്ടോസ്റ്റാറ്റ് കടയില്‍ 10 രൂപ നല്‍കിയാല്‍ അപേക്ഷ ഫോമിന്റെ കോപ്പി നല്‍കും. ഫോം പൂരിപ്പിക്കുന്ന രാമകൃഷ്ണന് 20 രൂപയും ഫോം സ്വീകരിക്കുന്ന ഹംസ മുസ്ലിയാര്‍ക്ക് 200 മുതല്‍ 250 രൂപവരെയുമാണ് ഫീസായി ഇടാക്കിയിരുന്നത്.
ഹംസ മുസ്ലിയാരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഫോം പൂരിപ്പിച്ച നല്‍കുന്നതെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്. താന്‍ ബി ജെ പി നേതാവായതിനാല്‍ പഞ്ചായത്തുകളില്‍ പദ്ധതികൾ എത്തുംമുന്നെ തനിക്ക് വിവരം ലഭിക്കുമെന്നും കോര്‍പറേഷനില്‍ നിന്നാണ് ഫോം ലഭിച്ചതെന്നുമാണ് ഹംസ മുസ്ലിയാരുടെ വാദം. പൂരിപ്പിച്ച ഫോം എവിടെയാണ് ഏല്‍പിക്കേണ്ടതെന്ന് അറിയില്ലെന്നും ഡല്‍ഹിയിലേക്ക് അയച്ചുകൊടുത്താല്‍ ബി ജെ പി നേതാക്കൾ എല്ലാം ശരിയാക്കുമെന്നുമായിരുന്നു ഇയാളുടെ വാദം.. വെള്ളിയാഴ്ച ഉച്ചവരെ 19 പേരില്‍ നിന്നാണ് പണം കൈക്കലാക്കിയത്. ഏതാനും ദിവസമായി ഇവിടെ അപേക്ഷകരുടെ നീണ്ട നിരയായിരുന്നു. തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയിട്ടും പൊലീസ് തുടക്കത്തിൽ അന്വേഷിക്കാൻ താത്പര്യമെടുത്തില്ലെന്നും തട്ടിപ്പിനിരായായവർ പറഞ്ഞു.