പ്രഭാസ്- അനുഷ്ക വീണ്ടും ഒന്നിക്കുന്നു.

10:22 am 11/5/2017

ബാഹുബലി കണ്ടിറങ്ങിയവരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്നും ഇവരെ കുറിച്ച് ആയിരിക്കും. ഇവര്‍ ഒന്നിക്കുന്ന അടുത്ത സിനിമയെ കുറിച്ചുള്ള ചോദ്യം. അതിന് ഉത്തരമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭാഗ്‍മതി എന്ന തെലുങ്ക് സിനിമയില്‍ അനുഷ്കാ ഷെട്ടി അഭിനിയിക്കുന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്‍തതാണ്. പ്രഭാസിന്റെ അടുത്ത സുഹൃത്തുക്കളായ പ്രമോദ്, വി വാംസി കൃഷ്‍ണ റെഡ്ഡി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. പ്രഭാസിന്റെ അഭ്യര്‍ഥന മാനിച്ചാണ് അനുഷ്ക ഭഗ്മതിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് ഇന്ത്യാ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അരുദ്ധതി, രുദ്രമാദേവി, ബാഹുബലി തുടങ്ങിയ പിരിയോഡിക് സിനിമകളാണ് അനുഷ്ക അടുത്തിടെ അഭിനയിച്ചത് എന്നതിനാല്‍ ഭാഗ്മതിയും അത്തരത്തിലുള്ളതായിരിക്കുമെന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭാഗ്മതി പുതിയ കാലത്തെ ത്രില്ലര്‍ സിനിമയായിരിക്കും എന്ന് അനുഷ്ക തന്നെ വ്യക്തമാക്കുന്നു. സിനിമയില്‍ പ്രഭാസും അഭിനയിക്കുന്നുണ്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. പ്രഭാസ് അതിഥി വേഷത്തിലായിരിക്കും സിനിമയിലെത്തുക. പക്ഷേ സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗത്തായിരിക്കും പ്രഭാസ് അഭിനയിക്കുകയെന്നും ഇന്ത്യാ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നുവെന്നതിനാല്‍ അതിഥി വേഷമാണെങ്കിലും പ്രഭാസിന്റെ കഥാപാത്രം സിനിമയില്‍ നിര്‍ണ്ണായകവുമായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഉണ്ണി മകുന്ദനും ആശാ ശരത്തും ജയറാമും ഭഗ്മതിയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഓഗസ്റ്റില്‍ സിനിമ പ്രദര്‍ശനത്തിനെത്തും.