പ്രാര്‍ത്ഥനകള്‍ വിഫലം, കണ്ടെത്തിയത് ജസ്റ്റിന്‍ ആന്റണിയുടെ മൃതദേഹമെന്ന് ഏകദേശം ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം

08:34 am 23/4/2017

– അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ചിക്കാഗോയ്ക്ക് സമീപത്തുള്ള എല്മസ്റ്റിലെ നൂറ്റമ്പത് അടിയോളം താഴ്ചയുള്ള ക്വാറിയില്‍ കണ്ടെത്തിയ മൃതദേഹം , കഴിഞ്ഞ ഒരാഴ്ചയായി മലയാളി സമൂഹം ഒന്നാകെ ആശങ്കയോടെ തിരഞ്ഞുകൊണ്ടിരുന്ന ജസ്റ്റിന്‍ ആന്റണിയുടെ മൃതദേഹം തന്നെ ആണ് എന്ന ഏകദേശം ഉറപ്പായി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് തന്നെ ജസ്റ്റിന്റെ ഷൂ, ഫോണ്‍, ഹെഡ്‌സെറ്റ് എന്നിവയും കണ്ടെത്തിയിരുന്നു. തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡ്യൂപേജ് കൗണ്ടി കൊറോണറുടെ പ്രാഥമിക കണ്ടെത്തലുകള്‍, മരണകാരണം വീഴ്ചയിലുണ്ടായ പരിക്കുകള്‍ മൂലമാണ് എന്നതാണ് എന്ന സ്ഥീരീകരിച്ചു. മൃതദേഹം ഔദ്യോഗികമായും നിയമപരമായും തിരിച്ചറിയുവാനായി ഫോറന്‍സിക് ദന്തരോഗവിദഗ്ദന്റെ സഹായം തേടിയിട്ടുണ്ട്. അതിനു ഷഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ.

24 വയസ്സുകാരനായ ജസ്റ്റിന്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീട്ടില്‍ നിന്നും തന്റെ വെള്ളിനിറത്തിലുള്ള മൗണ്ടൈന്‍ ബൈക്കില്‍ ഇറങ്ങിയതിനു ശേഷമാണ് കാണാതാകുന്നത്. ബെല്‍വുഡിലെ പള്ളിയിലേക്ക് പോകുന്നു എന്ന സന്ദേശം ഇദ്ദേഹവും കുടുംബാംഗങ്ങള്‍ക്ക് അയച്ചിരുന്നു എങ്കിലും പള്ളിയില്‍ എത്തിയില്ല. തുടര്‍ന്ന് എല്‍മസ്റ്റ് പോലീസിന്റെ നേതൃത്വത്തിലും മലയാളി സുഹൃത്തുക്കളുടെ നേതൃത്വത്തിലും നടത്തിയ തിരച്ചിലുകള്‍ വിഭലമാവുകയായിരുന്നു. പഠനം കഴിഞ്ഞ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒഹയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സിന് വേണ്ടി ജോലി നോക്കുകയായിരുന്നു ജസ്റ്റിന്‍.