ന്യൂഡൽഹി: കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ഡൽഹി ഡെയർഡെവിൾസിന് 51 റൺസ് വിജയം. ഡൽഹി ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് 51 റൺസ് പിന്നിൽ പോരാട്ടം അവസാനിപ്പിച്ചു. നിശ്ചിത 20 ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടപ്പെടുത്തി പഞ്ചാബിന് 137 റൺസ് മാത്രമാണ് നേടാനായത്. ഡൽഹി ബൗളർമാർ പഞ്ചാബിനെ വരിഞ്ഞു മുറിക്കിയപ്പോൾ അക്സർ പട്ടേൽ (44) ഒഴിച്ച് മറ്റാർക്കും കാര്യമായൊന്നും ചെയ്യാനായില്ല. ക്രിസ് മോറിസ് മൂന്നു വിക്കറ്റും പാറ്റ് കമ്മിൻസും ഷഹഹാസ് നദിമും രണ്ടു വിക്കറ്റു വീതവും വീഴ്ത്തി. അമിത് മിശ്രയും ആൻഡേഴ്സണും ഓരോ വിക്കറ്റുകൾ സ്വന്തമാക്കി. മിശ്രയും മോറിസും കമ്മിൻസുമാണ് റൺ നൽകാതെ പിശുക്കി പഞ്ചാബിനെ തോൽവിയിലേക്ക് തള്ളിയിട്ടത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹിയുടെ തുടക്കം നന്നായിരുന്നില്ല. കഴിഞ്ഞ കളിയിലെ സെഞ്ചൂറിയൻ സഞ്ജു 19 റൺസുമായി മടങ്ങി. പിന്നാലെയെത്തിയ കരുൺ നായരും റണ്ണൊന്നുമെടുക്കാതെ പവലിയൻപൂകി. ബില്ലിംഗ്സിന്റെ (55) അർധസെഞ്ചുറിയും കോറി ആൻഡേഴ്സൺ പുറത്താകാതെ നേടിയ 39 റൺസുമാണ് ഡൽഹിക്ക് മികച്ച സ്കോർ നൽകിയത്.