12;34 pm 27/12/2016

ന്യൂഡൽഹി: യമനിൽനിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഫാ.ടോം ഉഴുന്നാലിന്റെ പുതിയ വിഡിയോ കണ്ടു. ടോം ഒരു ഇന്ത്യൻ പൗരനാണെന്നും ഒരോ ഇന്ത്യക്കാരന്റെയും ജീവൻ ഞങ്ങൾക്ക് വിലപ്പെട്ടതാണെന്നും സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. ഫാ.ടോമിനെ സുരക്ഷിതനായി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. എല്ലാ വഴികളും ഇതിനായി തേടുന്നുണ്്ട. ഒരു സാധ്യതയും അവഗണിക്കില്ലെന്നും വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.
ഫാ.ടോമിന്റെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. യമനിൽ ആഭ്യന്തര യുദ്ധം തുടരുകയാണ്. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായും യെമനിലെ പ്രാദേശിക ഭരണകൂടവുമായും കേന്ദ്ര സർക്കാർ സമ്പർക്കത്തിലാണ്.
ഇന്ത്യക്കാരനായതു കൊണ്ടാണ് തന്നെ രക്ഷിക്കാൻ ആരും ശ്രമിക്കാത്തതെന്ന് ഫാ.ടോം വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. മറ്റേതെങ്കിലും രാജ്യക്കാരനായിരുന്നുവെങ്കിൽ സഹായം ലഭിക്കുമായിരുന്നു. കേന്ദ്രസർക്കാർ, രാഷ്ട്രപതി, ക്രൈസ്തവ സഭകൾ, മാർപാപ്പ എന്നിവർ തന്റെ മോചനത്തിനായി ഇടപെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. തന്റെ ആരോഗ്യം വളരെ മോശമാണെന്നും വൈദ്യസഹായം വേണമെന്നും വിഡിയോയിലൂടെ ടോം ആവശ്യപ്പെടുന്നുണ്ട്. സലേഹ് സലേം എന്നയാളിന്റെ പേരിലുള്ള അക്കൗണ്ടിൽനിന്നാണ് വിഡിയോ യൂട്യൂബിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല.
പാലാ രാമപുരം സ്വദേശിയായ ഫാദര്‍ ടോമിനെ കഴിഞ്ഞ മാര്‍ച്ച് നാലിനാണ് തട്ടിക്കൊണ്ടു പോയത്. യമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തില്‍ എത്തിയ കലാപകാരികള്‍ കന്യാസത്രീകളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുകയും ചെയ്യുകയുമായിരുന്നു.
