09:37 am 5/1/2017

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അവഗണിച്ചാണ് ഫാ. ടോം ഉഴുന്നാലില്‍ യമനില്‍ പോയതെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ പറഞ്ഞു. ഫാദറിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അദ്ദേഹം എവിടെയുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടാത്തതു കൊണ്ടാകും വിഡിയോയിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതെന്നും മന്ത്രി പറഞ്ഞു.
യെമനില്‍ നിന്നു ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങള്‍ വഴി കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഫാ. ടോം എന്നറിയപ്പെടുന്ന ടോമി ജോര്‍ജ് ആണു താനെന്നു പരിചയപ്പെടുത്തി ആരംഭിക്കുന്ന വിഡിയോയില്‍ മാര്‍പാപ്പയും ഇന്ത്യയിലെ എല്ലാ വിശ്വാസികളും ബിഷപ്പുമാരും തന്റെ മോചനത്തിനു സാധ്യമായതെല്ലാം ചെയ്യണമെന്നു ആവശ്യപ്പെട്ടിരുന്നു. ഇന്ത്യക്കാരനായതു കൊണ്ടാണ് തന്റെ വിഷയത്തില്‍ കാര്യമായ ഇടപെടലുകള്‍ നടക്കാത്തതെന്നും ആദ്ദേഹം ആരോപിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണ് തെക്കന്‍ യെമനില്‍ വൃദ്ധസദനം ആക്രമിച്ചു മലയാളി വൈദികന്‍ ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.
