ഫാ. വിനോദ് മഠത്തിപ്പറമ്പിലിനു ഫിലാഡല്‍ഫിയയില്‍ ഹൃദ്യമായ വരവേല്‍പ്പ്

06:58 pm 11/4/2017

– ജോസ് മാളേയ്ക്കല്‍


ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരിയായി ഏപ്രില്‍ 2 മുതല്‍ ചുമതലയേറ്റ റവ. ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറമ്പിലിനു ഇടവകജനങ്ങള്‍ ഹൃദ്യമായ വരവേല്‍പ്പു നല്‍കി. ഭാരതത്തിനുവെളിയില്‍ സ്ഥാപിതമായ ആദ്യത്തെ സീറോമലബാര്‍ രൂപതയായ ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ രൂപതയില്‍ പ്രൊക്യൂറേറ്റര്‍, ചാന്‍സലര്‍, വൊക്കേഷന്‍ ആന്റ് ഫോര്‍മേഷന്‍ ഡയറക്ടര്‍, 4ലൈഫ് മിനിസ്ട്രി സ്പിരിച്വല്‍ ഡയറക്ടര്‍, ജീസസ് യൂത്ത് യു. എസ്. എ. യുടെ നാഷണല്‍ ചാപ്ലൈന്‍, ഡയോസിഷന്‍ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ (ഡി. വൈ. എ) എന്നീ നിലകളില്‍ പത്തുവര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷമാണു അദ്ദേഹം ഇപ്പോള്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയുടെ അഞ്ചാമത്തെ വികാരിയായി ചുമതലയേറ്റിരിക്കുന്നത്.

ഓശാന തിരുനാളായ ഏപ്രില്‍ 9 ഞായറാഴ്ച്ച ബഹുമാനപ്പെട്ട വിനോദച്ചനെ ദേവാലയകവാടത്തില്‍ കൈക്കാരന്‍മാര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍, സണ്ടേ സ്കൂള്‍ കുട്ടികള്‍, മതാദ്ധ്യാപകര്‍, ഇടവകകാംഗങ്ങള്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് സ്വീകരിച്ചു. പ്രിന്‍സിപ്പല്‍ ട്രസ്റ്റി മോഡി ജേക്കബ് ഇടവകയുടെ സ്‌നേഹോപഹാരമായി ബൊക്കെ നല്‍കി ആദരിച്ചു.
തുടര്‍ന്ന് കൈക്കാരന്‍മാരും, സണ്ടേ സ്കൂള്‍ കുട്ടികളും, പാരീഷ് കൗണ്‍സില്‍ അംഗങ്ങളും ദിവ്യബലിയര്‍പ്പണത്തിനായി അച്ചനെ മദ്ബഹായിലേക്ക് ആനയിച്ചു. ട്രസ്റ്റിമാരായ മോഡി ജേക്കബ്, ജോസ് തോമസ്, ഷാജി മിറ്റത്താനി, റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവര്‍ മദ്ബഹായില്‍ അച്ചനെ ബൊക്കെ കൊടുത്തു സ്വീകരിക്കുകയും ഇടവകയുടെ പേരില്‍ ഹാര്‍ദ്ദമായ സ്വാഗതം ആശംസിക്കുകയും ചെയ്തു.

മാനന്തവാടി രൂപതക്കുവേണ്ടി 1998 ഡിസംബര്‍ 28 നു തിരുപ്പട്ടം സ്വീകരിച്ച റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ പോരൂര്‍ സെ. സെബാസ്റ്റ്യന്‍സ് ഇടവകാംഗമാണു. 1999 ജനുവരി മുതല്‍ 2000 മെയ് വരെ കൂണൂര്‍, ചുങ്കക്കുന്ന് എന്നിവിടങ്ങളില്‍ അസി. വികാരിയായും, 2000 മെയ് മുതല്‍ 2002 മെയ് വരെ ആറാട്ടുതറ പള്ളി വികാരിയായും, 2004 മുതല്‍ 2007 വരെ ബവാലിപള്ളി വികാരിയായും സേവനം ചെയ്തു. ആറാട്ടുതറ പള്ളി വികാരിയായിരിക്കെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസി. ഡയറക്ടറായും സേവനമനുഷ്ടിച്ചു.

2004 ജൂണ്‍ മുതല്‍ 2007 മെയ് വരെ മാനന്തവാടി ബിഷപ്പിന്റെ സെക്രട്ടറിയായി ബിഷപ്‌സ് ഹൗസില്‍ ജോലി ചെയ്തശേഷം 2007 ല്‍ അമേരിക്കയിലെത്തി. ഷിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ കീഴില്‍ ഫാ. വിനോദ് വിവിധ സേവനമേഖലകളിലായി 10 വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷമാണിപ്പോള്‍ രൂപതാ ശുശ്രൂഷയില്‍നിന്നും ഇടവകയുടെ അജപാലനദൗത്യത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ഫോട്ടോ: ജോസ് തോമസ്