ഫിലാഡല്‍ഫിയയില്‍ വി. മദര്‍ തെരേസയുടെ തിരുനാള്‍ ആഘോഷിച്ചു

09:01 am 12/9/2016

– ജോസ് മാളേയ്ക്കല്‍
Newsimg1_52043353
ഫിലാഡല്‍ഫിയ: ഭാരതത്തില്‍നിന്നുള്ള നാലാമത്തെ വിശുദ്ധയും, അഗതികളുടെ അമ്മയും, കരുണയുടെ മാലാഖയും, അനുഗൃഹീത പുണ്യവതിയുമായ വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു. വിശുദ്ധയുടെ നാമകരണദിവസമായ സെപ്റ്റംബര്‍ 4 ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, സെ. ജോണ്‍ ന്യൂമാന്‍ ക്‌നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ റവ. ഫാ. റെന്നി കട്ടേല്‍, റവ. ഫാ. സോണി താഴത്തേല്‍, റവ. ഫാ. മാത്യു എന്നിവരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ വിശ്വാസിസമൂഹം ഒന്നായി പങ്കുചേര്‍ന്നു. ദിവ്യബലിയെതുടര്‍ന്ന് ലദീഞ്ഞും, വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുനാളിനു മോടികൂട്ടി. തിരുസ്വരൂപം വണങ്ങിയും, നേര്‍ച്ചകള്‍ സമര്‍പ്പിച്ചും ഭക്തര്‍ വിശുദ്ധയെ വണങ്ങി നമസ്കരിച്ചു.

സെ. മദര്‍ തെരേസ വാര്‍ഡിലെ കുടുംബങ്ങളായിരുന്നു ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തിയത്. പാവങ്ങളുടെയും, അഗതികളുടെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അഭയമായിരുന്ന അമ്മ കാണിച്ചുതന്ന മഹനീയ മാതൃക ഉള്‍ക്കൊണ്ട് വാര്‍ഡിലെ കുടുംബങ്ങള്‍ സമാഹരിച്ച 2050 ഡോളറിന്റെ ചെക്ക് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ വികാരിയെ ഏല്‍പിച്ചു. പാച്ചോര്‍ നേര്‍ച്ചയും ക്രമീകരിച്ചിരുന്നു. വിശുദ്ധ മദര്‍ തെരെസയെ ലോകത്തിലെ എല്ലാ ദേവാലയ അള്‍ത്താരകളിലും വണക്കത്തിനായി നാമകരണം ചെയ്യപ്പെട്ട ദിവസം തന്നെ ഇടവകയില്‍ വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കാന്‍ സാധിച്ചതില്‍ വാര്‍ഡിലെ ഓരോ കുടൂംബവും ഉല്‍സവതിമിര്‍പ്പിലായിരുന്നു.

ഇടവകവികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റില്‍, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേല്‍നോട്ടത്തില്‍ മദര്‍ തെരേസ വാര്‍ഡ് പ്രസിഡന്റ് ജോണ്‍ ജോസഫ് പുത്തുപ്പള്ളി, വൈസ് പ്രസിഡന്റ് ജോജോ കോട്ടൂര്‍, സെക്രട്ടറി റെജിമോള്‍ ഈപ്പന്‍, ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍, ജോ. സെക്രട്ടറി ലയോണ്‍സ് തോമസ് (രാജീവ്), പാരിഷ്കൗണ്‍സില്‍, ഭക്തസംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ തിരുനാള്‍ കാര്യങ്ങള്‍ ഭംഗിയായി ക്രമീകരിച്ചു.
ഫോട്ടോ: ജോസ് തോമ­സ്