ഫീനിക്‌സില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി

12:16 pm 28/12/2016

– മാത്യു ജോസ്
Newsimg1_93904834
ഫീനിക്‌സ്: ഹോളി ഫാമിലി സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായി. പരമ്പരാഗത കേരളീയ ക്രൈസ്തവ തനിമയാര്‍ന്ന തിരുപ്പിറവി ആഘോഷങ്ങള്‍ ക്രിസ്തുമസിന്റെ ആത്മീയത സജീവമായി നിലനില്‍ക്കുമെന്നതിന്റെ പ്രതിഫലനമാണ്. ആഘോഷമായ ദിവ്യബലി, ഉണ്ണീശോയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തീകായിക്കല്‍ ചടങ്ങ് തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോര്‍ജ് എട്ടുപറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോസഫ് പുതിയകുന്നേല്‍ സഹകാര്‍മികനായി.

ക്രിസ്തുമസ് സ്‌നേഹത്തിന്റെ സമാനതകളില്ലാത്ത പ്രകടനമാണെന്ന് ദിവ്യബലി മധ്യേ നല്‍കിയ ക്രിസ്തുമസ് സന്ദേശത്തില്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍ പറഞ്ഞു. സഹജീവികളോട് സത്യസന്ധമായി സ്‌നേഹം പ്രകടിപ്പിക്കാന്‍ മനുഷ്യന് കഴിയാത്തതാണ് ആത്മീയവും ഭൗതീകവുമായ ദുരന്തങ്ങള്‍ക്ക് കാരണം. സ്‌നേഹരാഹിത്യമുള്ള സമൂഹത്തില്‍ ആത്മീയ ദാരിദ്ര്യം അനുഭവപ്പെടുമെന്നും ഫാ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

തിരുകര്‍മ്മങ്ങള്‍ക്കുശേഷം വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗാനാലാപനവും സാന്താ ഘോഷയാത്രയും നടന്നു. ദേവാലയത്തിലെ അതിമനോഹരമായ പുല്‍ക്കൂട് നിര്‍മ്മിച്ചത് ഇടവകയിലെ സെന്റ് തോമസ് വാര്‍ഡുകാരാണ്. ക്രിസ്തുമസ് ചടങ്ങുകളുടെ ഏകോപനം നിര്‍വഹിച്ചത് ട്രസ്റ്റിമാരായ മനോജ് ജോണ്‍, പ്രസാദ് ഫിലിപ്പ്, ജയിസണ്‍ വര്‍ഗീസ് എന്നിവരാണ്.