ഫ്രാൻസിലെ നൈസിൽ ഭീകരാക്രമണം; 80 മരണം

10:am 15/07/2016
download (7)

നൈസ്: ഫ്രാൻസിലെ നൈസിൽ ദേശീയ ദിനാഘോഷത്തിനിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 80ലധികം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 50ലധികം പേരുടെ പരിക്ക് ഗുരുതരം. ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടത്. കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ആയിരക്കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഒാടിച്ചു കയറ്റിയാണ് അക്രമി മനുഷ്യ കുരുതി നടത്തിയത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു.

അമിത വേഗത്തിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ജനങ്ങളെ ഇടിച്ചവീഴ്ത്തി ട്രക്ക് രണ്ട് കിലോമീറ്ററോളം മുന്നോട്ട് പോയി. പാഞ്ഞുവരുന്ന ട്രക്ക് കണ്ട് പരിഭ്രാന്തരായ ജനക്കൂട്ടം നിലവിളിച്ചു കൊണ്ട് ഓടി മാറുകയായിരുന്നു.

ട്രക്കിലുണ്ടായിരുന്ന അക്രമികൾ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തോക്കുകളും ഗ്രനേഡുകളും ട്രക്കിനുള്ളില്‍ കണ്ടെത്തിയെന്ന് പൊലീസിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ആക്രമണത്തെ കുറിച്ച് പാരിസ് പ്രോസിക്യൂട്ടർ അന്വേഷണം ആരംഭിച്ചു.

നൈസിലേത് ഭീകരാക്രമണമാണെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തെ ചെറുക്കുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസിസ് ഒലാങ്കോ രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ആക്രമണം നടന്ന സ്ഥലം ഫ്രാൻസിസ് ഒലാങ്കോ സന്ദർശിച്ചു. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ അടക്കമുള്ള ലോകനേതാക്കൾ അപലപിച്ചു. നൈസ് അക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപലപിച്ചു. ആക്രമണത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇരുവരും ആദരമര്‍പ്പിച്ചു.