11:59 am 12/5/2017
പൂണെ: പ്രമുഖ ഒാൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ലിപ്കാർട്ടിൽ ഫോൺ ഒാർഡർ ചെയ്ത് കാത്തിരുന്ന മുംബൈ സ്വദേശിക്ക് ലഭിച്ചത് സോപ്പ്. വായ്ബാബ് വസന്ത് കാംബ്ലേയാണ് 14,900 രൂപയുടെ സാംസങ് ഫോൺ ഒാർഡർ ചെയ്തത്. പാക്കറ്റ് ഡെലിവെറി ചെയ്ത് അൽപ സമയം കഴിഞ്ഞ് തുറന്നു നോക്കിയപ്പോഴാണ് ഇദ്ദേഹം ഞെട്ടിയത്. ഒരു സോപ്പും വാഷിങ് പൗഡറുമാണ് പാക്കറ്റിലുണ്ടായിരുന്നത്. അപ്പോഴേക്കും ഡെലിവറി ബോയ് സ്ഥലംവിട്ടിരുന്നു.
ഫ്ലിപ്കാർട്ടിൽ രണ്ടു ഫോണുകളാണ് ഇദ്ദേഹം ഒാർഡർ ചെയ്തിരുന്നത്. എന്നാൽ ഫോണുകളെത്തിയപ്പോൾ തൽകാലം ഒരു ഫോൺ മതിയെന്നും ഇഷ്ടപ്പെട്ടാൽ മാത്രം ഒരു ഫോൺ കൂടി വാങ്ങാമെന്ന് പറഞ്ഞ് 14,900 രൂപ നൽകി ഒരു ഫോൺ വാങ്ങി ഡെലിവെറി ബോയിയെ പറഞ്ഞയക്കുകയായിരുന്നു.
അമളിപറ്റിയെന്ന് തിരിച്ചറിഞ്ഞ ഇദ്ദേഹം ഫ്ലിപ്കാർട്ടിൽ വിളിച്ചു പരാതിപ്പെട്ടു. അൽപ സമയത്തിന് ശേഷം വിളിക്കുവെന്നായിരുന്നു മറുപടി. എന്നാൽ പിന്നീട് അവർ ഫോൺ അറ്റൻഡ് ചെയ്തില്ല. ഇതിനെതുടർന്ന് കാംബ്ലേ പൊലീസിൽ പരാതി നൽകി. ഫ്ലിപാകാർട്ടിനെതിരെയും ഫോൺ എത്തിച്ച ഇ-കാർട്ടിനെതിരെയും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.