മനാമ: നിയമപരമായ രേഖകളില്ലാതെ കഷ്ടപ്പെടുന്ന ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ക്ക് അനുഗ്രഹമാകുമെന്ന് കരുതുന്ന ‘ഫ്ളെക്സിബിള്‍ വര്‍ക് പെര്‍മിറ്റ്’ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നടപ്പാക്കുമെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റി അതോറിറ്റി (എല്‍.എം.ആര്‍.എ) വ്യക്തമാക്കി.
അനധികൃത പ്രവാസി തൊഴിലാളികള്‍ക്ക് നിയമവിധേയമായി ജോലി ചെയ്യാന്‍ അവസരം ഒരുക്കുന്നതാണ് ‘ഫ്ളെക്സിബിള്‍ വര്‍ക്പെര്‍മിറ്റ്’. ഇതു പ്രകാരം തൊഴിലാളിക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യാനും പല സ്പോണ്‍സര്‍മാരുടെ കീഴിലായി തൊഴിലെടുക്കാനും സാധിക്കും.
സന്ദര്‍ശക വിസയിലുള്ളവര്‍, സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവര്‍ (റണ്‍എവെ), ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ എന്നിവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനാകില്ല. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുകയെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടിവ് ഉസാമ അല്‍ അബ്സി പറഞ്ഞു. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ബഹ്റൈന്‍, ഡിപ്ളോമാറ്റ് റാഡിസണ്‍ ഹോട്ടലില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പദ്ധതിയില്‍ തൊഴിലാളി തന്നെയാണ് വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കേണ്ടത്. ഈ വര്‍ക്പെര്‍മിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലിചെയ്യാം. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള ജോലിയോ ദിവസവേതനക്കാരനോ ആകാം. ഒരേ സമയം ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴില്‍ പ്രവര്‍ത്തിക്കാം. താമസം, സോഷ്യല്‍ ഇന്‍ഷൂറന്‍സ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്തം തൊഴിലാളിക്കുതന്നെയായിരിക്കും.
2016 സെപ്റ്റംബര്‍ 20 വരെ അനധികൃത തൊഴിലാളികളായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കിടയിലാണ് പദ്ധതി നടപ്പാക്കുക. പ്രതിമാസം 2,000 എന്ന ക്രമത്തില്‍ രണ്ടു വര്‍ഷത്തില്‍ 48,000 വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.
രണ്ടുവര്‍ഷത്തേക്കാണ് ഇത് അനുവദിക്കുക. 200 ദിനാര്‍ ആണ് ‘ഫ്ളെക്സിബിള്‍ വര്‍ക് പെര്‍മിറ്റ്’ ഫീസ്. ഹെല്‍ത് കെയര്‍ ഇനത്തില്‍ 144 ദിനാറും പ്രതിമാസ ഫീസായി 30 ദിനാര്‍ വീതവും നല്‍കണം. സാധാരണ തൊഴില്‍ വിസക്ക് എല്‍.എം.ആര്‍.എയുടെ പ്രതിമാസ ഫീസ് 10 ദിനാറാണ്. ‘ഫ്ളെക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്’ ലഭിക്കുന്ന തൊഴിലാളിക്ക് ഫോട്ടോ പതിപ്പിച്ചതും കാലവാധി വ്യക്തമാക്കുന്നതുമായ നീല നിറത്തിലുള്ള പ്രത്യേക കാര്‍ഡ് നല്‍കും.
പൈലറ്റ് പ്രൊജക്ട് എന്ന നിലക്കാണ് പദ്ധതി ഏപ്രിലില്‍ നടപ്പാക്കുന്നത്. ആയിരകണക്കിന് അനധികൃത തൊഴിലാളികള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
സ്വന്തം നിലക്ക് ബില്‍ഡിങ് സൈറ്റുകളിലും മറ്റും ജോലി ചെയ്യുന്ന വൈദഗ്ധ്യം കുറഞ്ഞ തൊഴിലാളികള്‍ക്ക് വിവിധ തൊഴിലുടമകളുടെ കീഴില്‍ നിയമപ്രകാരം ജോലി ചെയ്യാന്‍ ഇത് വഴിയൊരുക്കും. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.
ഫ്രീസ വിസ സമ്പ്രദായം നിയന്ത്രിക്കാന്‍ ഇത്വഴിയൊരുക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്. പദ്ധതി വിജയകരമായാല്‍ അനധികൃതമായി രാജ്യത്ത് കഴിയുന്ന 48,000 ഓളം വിദേശ തൊഴിലാളികള്‍ക്ക് ഇതിന്‍െറ ആനുകൂല്യം ലഭിക്കും.
2015ലെ പൊതുമാപ്പ് വേളയില്‍ 51,000 പ്രവാസി തൊഴിലാളികള്‍ ബഹ്റൈനില്‍ താമസം നിയമവിധേയമാക്കുകയോ ബഹ്റൈന്‍ വിടുകയോ ചെയ്തുവെന്നും ഉസാമ പറഞ്ഞു. 2019 വരെ ഇനിയൊരു പൊതുമാപ്പ് ഉണ്ടാകില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഫ്ളെക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്’ രാജ്യത്ത് നടപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
അനധികൃത തൊഴിലാളികള്‍ രാജ്യത്തുണ്ട് എന്നത് യാഥാര്‍ഥ്യമാണെന്നും ‘ഫ്ളെക്സിബിള്‍ വര്‍ക്ക് പെര്‍മിറ്റ്’ വരുന്നതോടെ അത് പൂര്‍ണമായും അവസാനിപ്പിക്കാനാകുമെന്നും മുമ്പ് ഈ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഉസാമ പറഞ്ഞിരുന്നു.
ബഹ്റൈന്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ അധ്യാപികമാരായി ജോലി ചെയ്യുന്ന പലര്‍ക്കും മതിയായ യോഗ്യതകള്‍ ഇല്ളെന്നും ഉസാമ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ച പ്രകാരം ഇവരുടെ യോഗ്യത പാലിക്കപ്പെടുന്നില്ല. ഭര്‍ത്താവിന് ജോലിയുള്ളതിനാല്‍ ഫാമിലി വിസയില്‍ ഇവിടെ എത്തുന്ന ചില വനിതകള്‍ അധ്യാപികമാരായി സ്വകാര്യ സ്കൂളുകളില്‍ ചേരുന്നുണ്ട്. അധ്യാപികയെ നിയമിക്കും മുമ്പ് സ്കൂളുകള്‍ എല്‍.എം.ആര്‍.എയെ സമീപിക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രാലയം നിഷ്കര്‍ഷിച്ച യോഗ്യത പുതുതായി നിയമിക്കപ്പെടുന്നവര്‍ക്ക് ഉണ്ടോ എന്ന് പരിശോധിക്കാറുണ്ട്.
യോഗ്യതയില്ലാത്ത അധ്യാപകര്‍ പഠിപ്പിക്കുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴില്‍ രംഗത്താകട്ടെ, ഇവര്‍ക്ക് അധ്യാപകര്‍ക്ക് ലഭിക്കേണ്ട യഥാര്‍ഥ വേതനവും ലഭിക്കുന്നില്ല.
ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വിദ്യാഭ്യാസ മന്ത്രാലയവും സ്കൂളുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.
നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും നിയമനത്തില്‍ ആശുപത്രികള്‍ നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി വഴിയാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതെന്നും ഉസാമ വ്യക്തമാക്കി.