ബംഗളുരു കോടതിവിധി ഏകപക്ഷീയമെന്ന് ഉമ്മന്‍ചാണ്ടി

10.26 PM 24/10/2016
oomman_2410തിരുവനന്തപുരം: സോളാര്‍ കേസിലെ ബംഗളുരു കോടതിവിധി ഏകപക്ഷീയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിധി പകര്‍പ്പില്‍ തന്നെ ഇത് എക്‌സ് പാര്‍ട്ടി വിധിയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസില്‍ തന്റെ ഭാഗം കേള്‍ക്കുകയോ, തെളിവു നല്‍കാന്‍ തനിക്ക് അവസരം നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബംഗളുരു കോടതിയില്‍നിന്ന് ലഭിച്ച നോട്ടീസ് പ്രകാരം കേസ് നടത്തുവാന്‍ അഭിഭാഷകന് വക്കാലത്ത് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കോടതിയില്‍നിന്ന് തനിക്ക് ഒരു സമന്‍സും ലഭിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
സോളാര്‍ കേസില്‍ ബംഗളുരു അഡീഷണല്‍ സിറ്റി സെഷന്‍സ് കോടതിയാണ് ഉമ്മന്‍ ചാണ്ടിക്കു ശിക്ഷ വിധിച്ചത്. വ്യവസായി എം.കെ. കുരുവിളയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1.6 കോടി രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്നാണ് കോടതി ഉത്തരവ്. ആറു പ്രതികളാണ് കേസില്‍ ആകെയുള്ളത്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി. ആറു മാസത്തിനകം പണം തിരിച്ചുനല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ പ്രതികളുടെ വസ്തുവകകള്‍ കണ്ടുകെട്ടി പണം സ്വരൂപിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്.