ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കും

10:47am 29/2/2016
download (1)

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോട് മത്സരിക്കാന്‍ ബംഗാളില്‍ സിപിഎമ്മിനോട് സഹകരിക്കാന്‍ പശ്ചിമബംഗാള്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസ് ഹൈക്കമാന്റ്ില്‍ നിന്നും അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. സംസ്ഥാന തെരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സൂചന നല്‍കുന്ന പ്രസ്താവന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പിസിസി ചുമതലയുള്ള അതുല്‍ രഞ്ജന്‍ ചൗധരി പുറത്തിറക്കി.

നിയമവാഴ്ച പുനസ്ഥാപിക്കാനും ജനാധിപത്യം സംരക്ഷിക്കാനും എല്ലാ ജനാധിപത്യ പാര്‍ട്ടികളുമായി സഹകരിക്കാന്‍ തയ്യാറാണെന്നായിരുന്നു പിസിസി അദ്ധ്യക്ഷന്‍ പ്രസ്താവന ഇറക്കിയത്. ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള താല്‍പ്പര്യം കേന്ദ്രക്കമ്മറ്റിക്ക് പിന്നാലെ സിപിഎം നേരത്തേ പുറത്ത് വിട്ടിരുന്നു. മമതാ ബാനര്‍ജിയെ അധികാരത്തില്‍ നിന്നും പുറത്ത് നിര്‍ത്താനും ബംഗാളില്‍ ജനാധിപത്യം സംരക്ഷിക്കാനും ജനകീയ പാര്‍ട്ടികളുടെ സഹകരണത്തിന് തയ്യാറാണെന്നായിരുന്നു സിപിഎം പ്രസ്താവന ഇറക്കിയത്. ഇതിന് മറുപടിയാണ് പിസിസിയും നല്‍കിയത്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഹൈക്കമാന്റ് യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള സി പി ജോഷി അതുല്‍ രഞ്ജന്‍ ചൗധരിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. നീക്കുപോക്കിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ 80 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. ഇതിന് പുറമേ രണ്ടു പാര്‍ട്ടികളുടെയും സംയുക്ത സ്ഥാനാര്‍ത്ഥികളും ഉണ്ടാകും. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയത് 64 സീറ്റുകളായിരുന്നു. ഇത്തവണ 100 സീറ്റ് ചോദിച്ചെങ്കിലും 80 സീറ്റില്‍ കോണ്‍ഗ്രസ് തൃപ്തിയടഞ്ഞതായാണ് സൂചന.