ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം

09:05 am 15/10/2016
download (5)

വ്യവസായ വകുപ്പിലെ ബന്ധുനിയമനം സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കും. രേഖകളുടെ പരിശോധനക്കുശേഷമായിരിക്കും ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുക.
ഇ.പി.ജയരാജനെതിരെ ഉയര്‍ന്ന ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ശ്രീമതി ടീച്ചറുടെ മകന്റേതുള്‍പ്പെടെ, പരാതിയില്‍ പറയുന്ന ചില നിയമനങ്ങളെക്കുറിച്ചാകും പ്രാഥമിക അന്വേഷണം. ഈ നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നാലു മാസവും നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളെ കുറിച്ചും കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്ന ശുപാര്‍ശ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. കേസിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഫയലുകളാണ് പരിശോധിക്കുന്നത്. നിയമനങ്ങളുടെ ഫയല്‍ ലഭിക്കാനായി വ്യവസായ വകുപ്പ് സെക്രട്ടറിക്ക് വിജിലന്‍സ് നോട്ടീസ് നല്‍കും.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമനം നടത്താന്‍ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നത് റിയാബ് എന്ന സ്ഥാപനത്തിനെയാണ്. നിയമനങ്ങള്‍ക്കായി റിയാബ് മാനദണ്ഡങ്ങളും കൊണ്ടുവന്നിരുന്നു. ഇതു പ്രകാരം ആരൊക്കെ ഏതൊക്കെ തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുണ്ട്. മന്ത്രി ബന്ധുക്കളും നേതാക്കളുടെയും മക്കളും അപേക്ഷ നല്‍കിയിരുന്നോ. ഇവര്‍ അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തിരുന്നോ? റിയാബ് തയ്യാറാക്കിയ പട്ടിക മറികടന്നോണോ തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്. ഇതില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്. തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും മൊഴിയെടുക്കുന്നത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള പരാതിക്കാരില്‍ നിന്നും മൊഴിയെടുക്കും. പട്ടികയിലുണ്ടായിട്ടും നിയമനം ലഭിക്കാത്ത ആരെങ്കിലും അന്വേഷണത്തിനിടെ പരാതിയും തെളിവുമായി വിജിലന്‍സിനെ സമീപിച്ചാല്‍ കേസില്‍ അത് നിര്‍ണായകമാകും.