02:00 pm 22/3/2017

ഒരു സിനിമയ്ക്കു വേണ്ടി നാലു വർഷം മാറ്റി വയ്ക്കുന്നത് നിസാരമല്ല. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതോടെ തനിക്ക് മടുപ്പു ബാധിച്ചെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ പ്രഭാസ്. ബാഹുബലി, ബാഹുബലി 2 എന്നീ ചിത്രങ്ങൾക്കു വേണ്ടി കഴിഞ്ഞ നാലു വർഷമായി കഠിന പരിശീലനത്തിലായിരുന്നു പ്രഭാസ്. സിനിമയിലെ മറ്റു താരങ്ങൾ സമാന്തരമായി വേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പ്രഭാസ് ബാഹുബലി വിട്ട് എങ്ങും പോയില്ല. എന്നാൽ, ക്ളൈമാക്സ് ചിത്രീകരണ വേളയിൽ തന്നെ മടുപ്പ് ബാധിച്ചെന്നാണ് താരം പറയുന്നത്. ഇത് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും ഉണ്ടായിരുന്നതായി പ്രഭാസ് സമ്മതിക്കുന്നു. ഇനി ബാഹുബലിയിൽ നിന്ന് പുറത്തുകടക്കണം. അതിനായുള്ള കഠിന പരിശ്രമത്തിലാണ് പ്രഭാസ് .

