03:07 pm 26/4/2017
കോട്ടയം: ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്‍ക്ല്യൂഷന്‍റെ ടിക്കറ്റുകൾ കേരളത്തിലെങ്ങും ലഭിക്കാനില്ല. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യ മൂന്ന് ദിവസത്തെ ഷോകൾക്കുള്ള ടിക്കറ്റുകളെല്ലാം ഇപ്പോൾ തന്നെ വിറ്റഴിഞ്ഞിരിക്കുകയാണ്. ഓണ്‍ലൈൻ വഴിയുള്ള ബുക്കിംഗിനും നല്ല തിരക്കാണ്. റീലീസ് ദിവസമായ വെള്ളിയാഴ്ചത്തെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുപോയിരുന്നു. ഇതോടെയാണ് ശനി, ഞായർ ദിവസങ്ങളിലെ ഷോകൾക്ക് ആളുകൾ ടിക്കറ്റ് തിരക്കിയിറങ്ങിയത്.
കേരളത്തിൽ 200 ഓളം തീയറ്ററുകളിൽ ബാഹുബലി-2 റിലീസ് ചെയ്യുമെന്നാണ് കരുതുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ റിലീസോടെ പ്രധാന മലയാള സിനിമകൾ റിലീസ് സെന്‍ററുകളിൽ നിന്നും താത്കാലികമായി എങ്കിലും ഒഴിവാകും. പ്രധാന നഗരങ്ങളിലെ ഒന്നിലധികം തീയറ്ററുകളിൽ ചിത്രം ആദ്യ ദിവസങ്ങളിൽ പ്രദർശിപ്പിക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ ടിക്കറ്റുകൾ തീർന്നതോടെ അടുത്തയാഴ്ചയെങ്കിലും ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.