പാറ്റ്ന: ബേനാമി ഇടപാടുകേസിൽ ലാലു പ്രസാദ് യാദവിന്‍റെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി ഓഫീസിനു പുറത്ത് ബിജെപി- ആർജെഡി പ്രവർത്തകർ ഏറ്റുമുട്ടി. ആറു പേർക്കു പരിക്കേറ്റു.
ലാലു പ്രസാദ് യാദവിനു നേരേയുള്ള ബിജെപി നേതാവ് സുശീൽ കുമാർ മോദിയുടെ നിരന്തര ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആർജെഡി യൂത്ത് വിംഗ് പ്രവർത്തകരാണ് വിവസ്ത്രരായി ബിജെപി സംസ്ഥാന ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബീർ ചന്ദ് പട്ടേൽ മാർഗ് റോഡിലെ ബിജെപി ഓഫീസിനു നേരേ കല്ലേറ് നടത്തി. നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളുടെ ഗ്ലാസ് തകരുകയും ചെയ്തു.