ബിയര്‍ വില്‍പന കേന്ദ്രത്തില്‍ പണം തിരിമറി: കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരന്‍ അറസ്റ്റില്‍

09;09 am 12/09/2016
images (6)
കൊച്ചി: കണ്‍സ്യൂമര്‍ഫെഡിന്‍െറ ബിയര്‍ വില്‍പന കേന്ദ്രത്തില്‍ എട്ട് ലക്ഷം രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍. ബിയര്‍ഷോപ്പിലെ അബ്കാരി വര്‍ക്കര്‍ എ.വി. വിജുവിനെയാണ് നോര്‍ത് പൊലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ ഷോപ് ഇന്‍ചാര്‍ജ് ഐ.എം. വിനോജ്, ദിവസ വേതനക്കാരന്‍ പാലക്കാട് സ്വദേശി രാജീവ് എന്നിവര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി. വിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വില്‍പനകേന്ദ്രത്തിലെ ബിയര്‍ സ്റ്റോക്കില്‍ തിരിമറി നടത്തിയ ജീവനക്കാരെ കണ്‍സ്യൂമര്‍ഫെഡ് നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.

കണ്‍സ്യൂമര്‍ഫെഡിന്‍െറ കലൂര്‍ ദേശാഭിമാനി സ്റ്റോപ്പിന് സമീപത്തെ ബിയര്‍ വില്‍പനകേന്ദ്രത്തിലാണ് ജീവനക്കാര്‍ സ്റ്റോക്കില്‍ കൃത്രിമം കാട്ടി പണം തട്ടിയത്. 8,05,000 രൂപയുടെ ക്രമക്കേടാണ് കണ്ടത്തെിയത്. കണ്‍സ്യൂമര്‍ഫെഡ് എം.ഡിയുടെ പരാതിയില്‍ നോര്‍ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്റ്റോക്കുകള്‍ വിറ്റുപോകാത്തതിനാല്‍ ഒരുമാസമായി വില്‍പന കേന്ദ്രം കണ്‍സ്യൂമര്‍ഫെഡ് ബിവറേജസ് വിഭാഗത്തിന്‍െറ നിരീക്ഷണത്തിലായിരുന്നു. ഇതത്തേുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ബിവറേജസ് വിഭാഗം അധികൃതര്‍ വില്‍പനകേന്ദ്രത്തില്‍ മിന്നല്‍ പരിശോധന നടത്തി കമ്പ്യൂട്ടറിലെ സ്റ്റോക്കിന്‍െറ കണക്കും ഷോപ്പിലെ സ്റ്റോക്കും തമ്മില്‍ വ്യത്യാസം കണ്ടത്തെി. മൂന്നാഴ്ച മുമ്പ് കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷനില്‍നിന്ന് 10,20,000 രൂപക്ക് എടുത്ത സ്റ്റോക്കുകളില്‍ 8,05,000 രൂപയുടെ സ്റ്റോക്കുകള്‍ യഥാര്‍ഥത്തില്‍ വില്‍പന നടത്തിയിരുന്നു. എന്നാല്‍, ഉപഭോക്താവിന് ബില്‍ നല്‍കാതെയും സ്റ്റോക്ക് വിറ്റഴിഞ്ഞത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താതെയും വിറ്റുകിട്ടിയ പണം മൂവരും ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നു.

കുറ്റക്കാരായ രണ്ട് ജീവനക്കാരെ പരിശോധന നടത്തിയ അന്നുതന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. ദിവസ വേതനക്കാരനെ ഒഴിവാക്കുകയും ചെയ്തു.
കുറഞ്ഞ വിലയ്ക്കുള്ള ബിയറുകളുടെ വില്‍പനയിലാണ് കൃത്രിമം നടത്തിയത്. 80-85 രൂപയുടെ ബിയറുകളാണ് ഇതിലധികവും. ബില്‍ ചോദിച്ചുവാങ്ങാന്‍ ഉപഭോക്താക്കള്‍ താല്‍പര്യം കാണിക്കാത്തത് ഇവര്‍ക്ക് സഹായകമായി. ബില്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ സ്റ്റോക്കില്‍ രേഖപ്പെടുത്തുകയും ബില്‍ത്തുക കൃത്യമായി ബാങ്കിലടയ്ക്കുകയും വേണം. ഇതൊഴിവാക്കാനാണ് സ്റ്റോക്കില്‍ രേഖപ്പെടുത്താതെ ബിയര്‍ വിറ്റ് പണം കൈക്കലാക്കിയത്.