08:39 pm 9/4/2017
– ബിനോയി കിഴക്കനടി (പി.ആര്‍.ഒ)
ഷിക്കാഗോ: മാര്‍ച്ച് 12 ഞായറാഴ്ച രാവിലെ 9.45 ന്, ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണത്തിനും, പ്രഥമ കുമ്പസാരത്തിനും ഒരുങ്ങിക്കൊണ്ടിരിക്കുന്ന തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിലെ മൂന്നാം ക്ലാസ്സ് കുട്ടികള്‍ക്കുവേണ്ടി, ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രത്യേക ഒരുക്ക സെമിനാര്‍ നടത്തി. ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്ത് പിതാവിനെ സ്വാഗതം ചെയ്തു. ആദ്യ കുര്‍ബാന സ്വീകരണത്തിനൊരുങ്ങുന്ന മൂന്നാം ക്ലാസിലെ കുട്ടികളെ, ദൈവ സ്‌നേഹം, പരിശുദ്ധ ത്രിത്വം, മാമ്മോദീസ, സ്ഥൈര്യലേപനം, വി. കുര്‍ബാന, കുമ്പസാരം എന്നീ വിഷയങ്ങളേപ്പറ്റി ബിഷപ്പ് ലളിതമായ ഭാഷയില്‍ പഠിപ്പിക്കുകയും, ആത്മീയ ചൈതന്യത്താല്‍ നിറക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കുകയും, അവരോട് പിതാവ് ഒരു നല്ല അപ്പച്ചനെന്നപോലെ ഇടപഴകുകയും ചെയ്തു. ക്ലാസ്സിനുശേഷം കുട്ടികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് പിതാവ്, കുട്ടികള്‍ക്കുവേണ്ടി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. മാതാപിതാക്കള്‍ തയ്യാറാക്കിയ സ്‌നേഹവിരുന്നില്‍ പിതാവ്, എബ്രാഹം മുത്തോലത്ത്, കുട്ടികള്‍, അധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരോടൊപ്പം പങ്കെടുത്തു.
ബിഷപ്പുമായി സമയം ചിലവഴിക്കാന്‍ സാധിച്ചത് വലിയ ഒരു അനുഭവവും, കുട്ടികളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവവും ആയിരുന്നെന്ന് എല്ലാ മാതാപിതാക്കളും, കുട്ടികളും നന്ദിയോടെ പങ്കുവെച്ചു.
പിതാവുമൊത്തുള്ള ഈ ദിവസം കോര്‍ഡിനേറ്റ് ചെയ്തത് ഡി. ര്‍. ഇ. ടോമി കുന്നശ്ശേരില്‍, A.ഡി. ആര്‍. ഇ. റ്റീനാ നെടുവാമ്പുഴ, മതാധ്യാപകരായ ആന്‍സി ചേലക്കല്‍, മഞ്ജു ചകരിയാന്തടത്തില്‍, നിഖില്‍ ചകരിയാന്തടത്തില്‍, യൂനസ് തറതട്ടേല്‍, റീമാ കവലക്കല്‍ എന്നിവരും ആണ്.