ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു.

12:44 pm 25/1/2017

download (4)
ദില്ലി: ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു. പുതിയ ഭരണസമിതിയിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ബിസിസിഐക്കും കോടതി അനുമതി നല്‍കി. ജസ്റ്റിസ് ലോധ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐയുടെ സ്വയംഭരണം തകര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ബിസിസിഐയില്‍ പുതിയ ഭരണസമിതിയെ നിയമിക്കുന്നതിനെ സുപ്രീംകോടതിയില്‍ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഭരണസമിതി പ്രഖ്യാപനം രണ്ടാഴ്ചത്തേക്ക് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ലോധനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് ക്രിക്കറ്റിന്റെ സ്വയംഭരണത്തെ തകര്‍ക്കുമെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്തക്കി സുപ്രീംകോടതിയില്‍ വാദിച്ചു. കായിക ഭരണത്തിലെ ശുദ്ധീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ കായിക ചട്ടം കൊണ്ടുവരുമെന്നും എജി വ്യക്തമാക്കി. ലോധനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് ക്രിക്കറ്റിന്റെ സംശുദ്ധ ഭരണത്തിനാണെന്നും സ്വയംഭരണത്തെ ബാധിക്കില്ലെന്നും ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ എ.ജി എവിടെയായിരുന്നുവെന്നും സുപ്രീംകോടതി ചോദിച്ചു.
പുതിയ ഭരണസമിതിയിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ അവസരം നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റേയും ബിസിസിഐയുടെയും ആവശ്യം കോടതി അംഗീകരിച്ചു. ലോധനിര്‍ദ്ദേശപ്രകാരം യോഗ്യതയുള്ളവരുടെ പേരുകള്‍ ഇവരുവര്‍ക്കും മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ കോടതി അനുമതി നല്‍കി. അമിക്കസ് ക്യൂറി സമര്‍പ്പിച്ച ഒന്പതുപേരുടെ പട്ടികയില്‍ നിന്ന് 70 വയസ്സില്‍ കൂടുതലുള്ളവരെ പുതിയ ഭരണസമിതിയിലേക്ക് പരിഗണിക്കില്ലെന്നും കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.