ഇംഫാൽ: മണിപ്പുരിൽ നോംഗ്താംബോം ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബിരേൻ സിംഗ് മന്ത്രിസഭയെ പിന്തുണയ്ക്കുമെന്നു കാണിച്ച് നാലംഗങ്ങളുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ഗവർണറെ നേരിൽക്കണ്ട് അറിയിച്ചു.
21 എംഎൽഎമാരാണു ബിജെപിക്കുള്ളത്. പിന്തുണ പ്രഖ്യാപിച്ച എൻപിഎഫിനും എൻപിപിക്കും നാല് അംഗങ്ങൾ വീതവും. ഒരു എൽജെപി അംഗത്തിന്റെ പിന്തുണയും ബിജെപി സർക്കാരിനാണ്. തൃണമൂൽ കോൺഗ്രസ് പ്രതിനിധി രവീന്ദ്രോയും സർക്കാരിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാൽ, ഗവർണറെ നേരിക്കണ്ട് പിന്തുണ അറിയിക്കാൻ അദ്ദേഹം സന്നദ്ധനായില്ല.
ഒ. ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന പദവി സ്വന്തമാക്കിയിരുന്നുവെങ്കിലും 21 സീറ്റുകൾ നേടിയ ബിജെപി തെരഞ്ഞെടുപ്പിനുശേഷം സഖ്യത്തിലൂടെ സർക്കാർ രൂപീകരണത്തിന് വേണ്ട പിന്തുണ സന്പാദിക്കുകയായിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ബിജെപിയുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന മന്ത്രിസഭയുടെ അമരക്കാരനാകുന്നത് മുൻ ദേശീയ ഫുട്ബോൾ താരംകൂടിയായ ബിരേൻ സിംഗ് ആണ്. മണിപ്പുർ സർവകലാശാലയിൽ നിന്ന് ബിരുദംനേടിയ ഈ 56 കാരൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുംമുന്പ് മാധ്യമപ്രവർത്തകനായിരുന്നു.

