ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ഉടുപ്പില്‍ പിടിച്ചുവലിച്ചു; പെണ്‍കുട്ടി റോഡില്‍ വീണ് മരിച്ചു

09.04 AM 28/10/2016
blood_131115
പാറ്റ്‌ന: ബൈക്കിലെത്തിയ ആണ്‍കുട്ടികള്‍ ദുപ്പട്ടയില്‍ പിടിച്ചുവലിച്ചതിനെ തുടര്‍ന്ന് 10 –ാം ക്ലാസുകാരിയായ പെണ്‍കുട്ടി റോഡില്‍ തലയടിച്ച് വീണ് മരിച്ചു. ബിഹാറിലെ കൈയ്മുര്‍ ജില്ലയിലായിരുന്നു സംഭവം. പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.
ബൈക്ക് ഓടിച്ചിരുന്നത് 20 കാരനായ കൃഷ്ണ കുമാറായിരുന്നു. എന്നാല്‍ ബൈക്കിന്റെ പിന്നില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികളും ഇയാള്‍ക്കൊപ്പം യാത്ര ചെയ്തു. ഇവര്‍ പെണ്‍കുട്ടികളുടെ സമീപമെത്തിയപ്പോള്‍ ഒരാളുടെ ദുപ്പട്ടയില്‍ പിടിച്ചുവലിക്കുകയായിരുന്നു. ഏറ്റവും പിന്നില്‍ ഇരുന്ന ആണ്‍കുട്ടിയാണ് ദുപ്പട്ടയില്‍ പിടിച്ചത്. കുമാര്‍ ബൈക്ക് മുന്നോട്ടുപായിച്ചതോടെ പെണ്‍കുട്ടി റോഡില്‍ തലയടിച്ചു വീണു. സംഭവ സ്ഥലത്തുതന്നെ പെണ്‍കുട്ടി മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണ കുമാര്‍ ഒളിവിലാണ്.