ബോംബ് ഭീഷണി ലുഫ്താന്‍സ അടിയന്തരമായി നിലത്തിറക്കി

11:31 am 14/12/2016

പി.പി. ചെറിയാന്‍

r

ന്യൂയോര്‍ക്ക് : 530 യാത്രക്കാരുമായി ഹൂസ്റ്റണില്‍ നിന്നും പറക്കുന്ന ലുഫ്താന്‍സാ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തിരമായി ന്യൂയോര്‍ക്ക് ജോണ്‍ എഫ് കെന്നഡി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഡിസംബര്‍ 12ന് വൈകിട്ടാണ് വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്നുള്ള

ഫോണ്‍ സന്ദേശം ലഭിച്ചതെന്ന് ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിവരം ലുഫ്താന്‍സ് കോര്‍പറേഷന്‍ ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജെ.എഫ്.കെയിലേക്ക് തിരിച്ചുവിടുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചത്.

വിമാനം നിലത്തിറങ്ങിയ ഉടനെ മുഴുവന്‍ യാത്രക്കാരേയും പുറത്തിറക്കി. തുടര്‍ന്ന് വിമാനം അജ്ഞാത സ്ഥലത്തേക്ക് മാറ്റി. രാവിലെ ഹൂസ്റ്റണില്‍ നിന്നും പുറപ്പെട്ട വിമാനം ലൂസിയാന, മിസിസ്സിപ്പി, ടെന്നിസ്സി, കെന്റുക്കി, വെര്‍ജിനിയ, മേരിലാന്റ് ന്യൂജഴ്‌സി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട്

ജര്‍മനിയിലേക്കുള്ള പാതയില്‍വച്ചാണ് തിരിച്ചിറക്കിയത്.

വിമാനം മുഴുവന്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വാരാന്ത്യം ഇതുപോലുള്ള ഭീഷണികള്‍ ലഭിച്ചിരുന്നു. ഇത്തരം ഭീഷണികള്‍ വളരെ ഗൗരവമായിട്ടാണ് കാണേണ്ടതെന്നും ഇതിന്റെ ഉത്ഭവസ്ഥാനം അന്വേഷിച്ചു കണ്ടെത്തി കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും

അധികൃതര്‍ പറഞ്ഞു.