ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പദവിയിലേക്ക്

07:44 pm 12/4/2017

– ഷോളി കുമ്പിളുവേലി


ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പട്ടം സ്വീകരിക്കുന്നു. ഏപ്രില്‍ 22ന് (ശനി) രാവിലെ ഒന്പതിന് മാതൃഇടവകയായ ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അടങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിക്കും.

ബ്രോങ്ക്‌സ് ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷിയായിരുന്ന കെവിന്‍ 2010 ഓഗസ്റ്റില്‍ ദൈവവിളി തിരഞ്ഞെടുത്ത് യോങ്കേഴ്‌സിലുള്ള സെന്‍റ് ജോസഫ് മൈനര്‍ സെമിനാരിയില്‍ വൈദിക പഠനത്തിന് ചേര്‍ന്നു. 2011ല്‍ പഠനം ഷിക്കാഗോയിലുള്ള സെന്‍റ് ജോസഫ് കോളജ് സെമിനാരിയിലേക്ക് മാറ്റി. തുടര്‍ന്ന് 2014 മുതല്‍ റോമിലുള്ള പൊന്തിഫിക്കല്‍ ഇന്‍റര്‍നാഷണല്‍ സെമിനാരിയായ മരിയ മാട്ടര്‍ ഇക്ലാസിയില്‍ പഠനം തുടരുന്‌പോഴാണ് കെവിന് ഡീക്കന്‍ പട്ടം സ്വീകരിക്കാനുള്ള നിയോഗം ഉണ്ടായത്.

കെവിന്‍റെ മാതൃക പിന്തുടര്‍ന്ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍നിന്നും 11 തദ്ദേശികളായ മലയാളി കുട്ടികള്‍ ദൈവവിളി സ്വീകരിച്ച് വിവിധ സെമിനാരികളില്‍ പഠനം നടത്തുന്നു. ഇതില്‍ രണ്ടു പേര്‍ ബ്രോങ്ക്‌സ് ഇടവകയില്‍ നിന്നുമാണ്. ഇടവക സമൂഹത്തിനും വികാരി ഫാ. ജോസ് കണ്ടത്തിക്കുടിക്കും അഭിമാനം പകരുന്നതാണ്.

കെവിന്‍റെ ഡീക്കന്‍ പട്ടം സ്വീകരണം ഭംഗിയാക്കുന്നതിനുവേണ്ടി വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയുടേയും അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കലിന്േറയും നേതൃത്വത്തില്‍ ഇടവക സമൂഹം പ്രവര്‍ത്തിച്ചുവരുന്നു.

ബ്രോങ്ക്‌സ് ഫൊറോന ഇടവകയുടെ കൈക്കാരന്‍ ടോം മുണ്ടയ്ക്കലിന്‍റെയും വത്സയുടേയും മൂന്നു മക്കളില്‍ രണ്ടാമനാണ് കെവിന്‍.