ഭക്തര്‍ക്കു ‘ദീര്‍ഘായുസ്’ നല്‍കാന്‍ നാണയംവിഴുങ്ങിയ കടലാമ ചത്തു

07:58 am 22/3/2017

Newsimg1_14101636
ബാങ്കോക്ക്: ഓപ്പറേഷനിലൂടെ വയറ്റില്‍നിന്ന് 915 നാണയങ്ങള്‍ പുറത്തെടുക്കപ്പെട്ട കടലാമ മരണത്തിനു കീഴടങ്ങി. രക്തത്തില്‍ വിഷം കലര്‍ന്നതിനെ തുടര്‍ന്നാണ് ആമ ചത്തത്. ഞായറാഴ്ച നടന്ന രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം 25 വയസുള്ള കടലാമ അബോധാവസ്ഥയിലായിരുന്നു. തായ്‌ലന്‍ഡിലെ ശ്രീ റിച്ചയിലാണ് സംഭവം.

ബാങ്ക് എന്നു പേരുള്ള കടലാമയാണ് ചത്തത്. ബാങ്കിനെ പാര്‍പ്പിച്ചിരിക്കുന്ന കുളത്തിലേക്ക് ഇവിടെ എത്തുന്ന സഞ്ചാരികള്‍ നാണയങ്ങള്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് ദീര്‍ഘായുസ് നല്‍കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അടുത്തിടെ ആമയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ പരിശോധനയ്ക്കു മുതിര്‍ന്നത്. പരിശോധനയില്‍ അഞ്ചു കിലോഗ്രം തൂക്കംവരുന്ന നാണയങ്ങള്‍ ബാങ്കിന്റെ വയറ്റില്‍ കണ്ടെത്തി.

ഇതേതുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചുലാലോങ്കോണ്‍ സര്‍വകലാശാലയിലെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ബാങ്കിന്റെ വയറ്റില്‍നിന്ന് 915 നാണയങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കി. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ബാങ്കിനു ബോധം ലഭിച്ചിരുന്നെങ്കിലും പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. ഇതോടെയാണ് രണ്ടാമതും ശസ്ത്രക്രിയ നടത്തിയത്.