ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച “ഉപനിഷദ് ഗംഗ’ യജ്ഞത്തിന് മംഗള പരിസമാപ്തി

10:00 am 29/9/2016

ജയപ്രകാശ് നായര്‍
Newsimg1_86823810
ന്യൂയോര്‍ക്ക്: ന്യൂഹൈഡ് പാര്‍ക്കിലുള്ള വൈഷ്ണവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 17 മുതല്‍ ആചാര്യന്‍ സ്വാമി ഉദിത് ചൈതന്യജിയുടെ നേതൃത്വത്തില്‍ നടന്നുവന്ന “ഉപനിഷദ് ഗംഗ” കഠോപനിഷത് യജ്ഞം വിപുലമായ ചടങ്ങുകളോടെ സെപ്റ്റംബര്‍ 24 ശനിയാഴ്ച സമാപിച്ചു.

വൈകിട്ട് 6 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടന്ന “വിദ്യാ പൂജ”യില്‍ വളരെയധികം കുട്ടികള്‍ പങ്കെടുത്തു. സ്വാമി ഉദിത് ചൈതന്യജി ചൊല്ലിക്കൊടുത്ത പ്രാര്‍ത്ഥന കുട്ടികള്‍ ഏറ്റുചൊല്ലുമ്പോള്‍ മന്ത്രമുഖരിതമായ ഒരു ഗുരുകുല അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിച്ചു.

തുടര്‍ന്ന് സ്വാമിജി യജ്ഞത്തിന്റെ പരിസമാപ്തിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഉപനിഷത്തുകളില്‍ ഉള്ളതു മാത്രമേ ഭഗവത് ഗീതയിലും നാരായണീയത്തിലും ഒക്കെ അടങ്ങിയിട്ടുള്ളുവെന്ന് സ്വാമിജി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിശദമാക്കി.

അമേരിക്കയില്‍ കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി മലയാളി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയെ പ്രശംസാഫലകം നല്‍കി ആദരിച്ചു. പാര്‍ത്ഥസാരഥി പിള്ളയെ ഔപചാരികമായി പരിചയപ്പെടുത്തിയത് ഡോ. പദ്മജാ പ്രേം ആണ്. ഗുരുസ്വാമി തന്റെ മറുപടി പ്രസംഗത്തില്‍ വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചു വിശദീകരിക്കുകയും ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അയ്യപ്പ ക്ഷേത്രം വൈകാതെ സ്വന്തമായി വാങ്ങിയ സ്ഥലത്തുതന്നെ നിര്‍മ്മിക്കുവാന്‍ കഴിയുമെന്നും അതിന് എല്ലാവരുടെയും സഹായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ന്യൂയോര്‍ക്കിലെ ആദ്യത്തെ ക്ഷേത്രാരംഭം മുതല്‍ അതിനുവേണ്ടി പൂജാദി കര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ഇന്നുവരെ ചെയ്തുപോന്ന മഹത്തായ സേവനങ്ങളെയും അനുസ്മരിച്ചുകൊണ്ട് ദാസന്‍ പോറ്റിക്കും സ്വാമി ഉദിത് ചൈതന്യജി ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്കയ്ക്കുവേണ്ടി പ്രശംസാഫലകം നല്‍കി ആദരിച്ചു. ദാസന്‍ പോറ്റിയെ പരിചയപ്പെടുത്തിയത് ഡോ. ചന്ദ്ര കുമാര്‍ ആണ്.

ഭാഗവതം വില്ലേജ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റീ കൂടിയായ രാം പോറ്റിയെ സ്വാമിജി ആദരസൂചകമായി പൊന്നാട അണിയിച്ചു.

ഈ യജ്ഞത്തിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കോര്‍ കമ്മിറ്റി അംഗങ്ങളെയും സ്വാമി അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.

രേഖാ നായരുടെ മനോഹരമായ മോഹിനിയാട്ടവും മനോജ് കൈപ്പള്ളിയുടെ ഭക്തിഗാനമേളയും ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി.

വനജ നായരുടെ കൃതജ്ഞതാ പ്രസംഗത്തോടെ ചടങ്ങുകള്‍ അവസാനിച്ചു