07:12 pm 17/3/2017
കൊച്ചി:സിനിമതാരം കലാഭവൻ മണിയുടെ ശരീരത്തിൽ വിഷമദ്യത്തിന്റെ സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്ന് പൊലീസ് ഹൈകോടിയിൽ. ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ നടത്തിയ രക്തസാമ്പിൾ പരിശോധനയുടെ റിപ്പോർട്ട് മെഡിക്കൽ ബോർഡിന് സമർപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. മണിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ രാമകൃഷ്ണൻ നൽകിയ ഹരജിയിലാണ് പൊലീസിന്റെ റിപ്പോർട്ട്.
മണിയുടെ ശരീരത്തിൽ വിഷമദ്യത്തിെൻറ അംശത്തിനൊപ്പം ക്ലോറോപൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് രക്തസാമ്പിൾ പരിശോധിച്ച എറണാകുളം റീജനൽ കെമിക്കൽ ലാബിെൻറ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, വിഷം ഉള്ളിൽചെന്നതിെൻറ ലക്ഷണങ്ങൾ മണി പ്രകടിപ്പിച്ചില്ലെന്ന് ചികിത്സിച്ച ഡോക്ടർമാർ വ്യക്തമാക്കി. ശരീരത്തിൽ കീടനാശിനിയെത്താനുള്ള സാധത വളരെ കുറവായതിനാലും ഇതിെൻറ അളവ് കണ്ടെത്താൻ ലാബിന് കഴിയാത്തതിനാലുമാണ് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിനു കൈമാറിയത്. അന്വേഷണം തുടരുകയാെണന്നും സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടെങ്കിലും ഇതുവരെ സി.ബി.ഐ അഭിപ്രായം അറിയിച്ചിട്ടില്ലെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2016 മാർച്ച് ആറിനാണ് മണി മരിച്ചത്. പോസ്റ്റ്മോർട്ടം-രാസപരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മരണത്തിന് കാരണമായേക്കാവുന്ന നാല് സാധ്യതകളാണ് പൊലീസ് പരിശോധിച്ചത്. രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളിൽചെന്നുള്ള മരണം എന്നിവയാണത്. ഗുരുതര കരൾ രോഗം, വൃക്കയുടെ തകരാർ, പ്രമേഹം തുടങ്ങിയവ മണിക്കുണ്ടായിരുന്നു. ഇത് വഷളായതാണോ മരണകാരണമെന്നതിൽ വിദഗ്ധരുടെ അഭിപ്രായം തേടിവരുകയാണ്. അദ്ദേഹത്തിെൻറ സാമ്പത്തിക ഇടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസ്, സിനിമ മേഖലയിലെ ശത്രുത, ക്രിമിനലുകളുമായി ഉണ്ടായിരുന്ന അടുപ്പം തുടങ്ങിയവയും വിശദമായി പരിശോധിച്ചു. എന്നാൽ, കൊലപാതകമാണെന്ന് സംശയിക്കാവുന്ന ഒന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. 2016ജനുവരി മുതൽ മണി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. സ്റ്റേജ് ഷോകളിലും സിനിമകളിലും താൽപര്യം കാണിച്ചില്ല. അമിതമദ്യപാനം ഉണ്ടായിരുന്നു.
ആത്മഹത്യക്ക് ഇവയൊക്കെ കാരണമാകാമെങ്കിലും മരണത്തോടടുത്ത ദിവസങ്ങളിലെ മണിയുടെ സ്വഭാവം പരിശോധിച്ചതിൽ ഇതിന് സാധ്യതയില്ല. പൊലീസ് പരിശോധിച്ച മറ്റൊരു സാധ്യത അറിയാതെ വിഷം ഉള്ളിൽചെന്നുള്ള മരണമാണ്. എന്നാൽ, മണിയോ കൂട്ടുകാരോ വാറ്റുചാരായം ഉൾെപ്പടെ വിഷമദ്യം കലരാൻ സാധ്യതയുള്ള പാനീയങ്ങൾ കഴിക്കാറില്ല. കീടനാശിനിയുടെ കുപ്പിയൊന്നും ഔട്ട് ഹൗസ് പരിസരത്തുനിന്ന് കണ്ടെത്തിയിട്ടുമില്ല. േക്ലാറോപൈറിഫോസ് എന്ന കീടനാശിനിക്ക് രൂക്ഷഗന്ധമായതിനാൽ അറിയാതെ കഴിക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.

