മത ചിഹ്നങ്ങള്‍ വിലക്കുന്നതിനെതിരെ യൂറോപ്പില്‍ വ്യാപക പ്രതിക്ഷേധം

07:48 pm 20/3/2017

– ജോര്‍ജ് ജോണ്‍
Picture
ഫ്രാങ്ക്ഫര്‍ട്ട്: തൊഴിലിടങ്ങളില്‍ മതചിഹ്നങ്ങള്‍ വിലക്കിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ ഉത്തരവിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി സമരം ആരംഭിച്ചു. ഉത്തരവ് മതവിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും കടുത്ത വിവേചനമാണെന്നും ആംനെസ്റ്റി ഇന്ററര്‍നാഷണല്‍ കുറ്റപ്പെടുത്തി. ഈ ഉത്തരവിനെതിരെ മുഴുവന്‍ രാജ്യങ്ങളും രംഗത്തിറങ്ങണമെന്നും സംഘടന ആഹ്വാനം ചെയ്തു.

യൂറോപ്പിന്‍െറ കടുത്ത മുസ്‌ലിം വിരുദ്ധതയാണ് കോടതി ഉത്തരവിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വിമണ്‍ ലോയേഴ്‌സ് ഫോര്‍ ഹ്യൂമന്‍റൈറ്റ്‌സ് ആരോപിച്ചു. നിയമത്തിന്‍െറ പിന്തുണയോടെ നടക്കുന്ന വിവേചനമാണിത്. മതചിഹ്‌നങ്ങള്‍ക്ക് നിരോധനം എന്ന് ഉറക്കെ പറയുമ്പോഴും അത് ഹിജാബ് നിരോധനമാണ് ലക്ഷ്യമിടുന്നത്. മുസ്‌ലിം സ്ത്രീയുടെ മൗലിക അവകാശത്തിനെതിരായ നീക്കമാണിതെന്നും സംഘടന വിമര്‍ശിക്കുന്നു.

അതേസമയം, കോടതി വിധിയെ അനുകൂലിച്ച് യൂറോപ്പിലെ വലതുപക്ഷ സംഘടനകള്‍ രംഗത്തെത്തി. ഈ വിധി യൂറോപ്യന്‍ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതാണെന്ന് യൂറോപ്യന്‍ പീപപ്പിള്‍സ് പാര്‍ട്ടി മേധാവി മാന്‍ഫ്രെഡ് വെബെര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി. ഫ്രഞ്ച് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഫിലനും വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ബെല്‍ജിയവും ഫ്രാന്‍സുമാണ് ജോലി സ്ഥലത്ത് മതചിഹ്‌നങ്ങള്‍ വിലക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജര്‍മനിയില്‍ ജോലി സ്ഥലത്ത് മതചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമോ വേണ്ടയോ എന്നത് ഓരോ ജോലിദാതാവിന് തീരുമാനിക്കാന്‍ അനുവാദം നല്‍കിയിരിന്നു. എന്നാല്‍ പുതിയ യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ ഉത്തരവ് ഇതിനെ വിലക്കുന്നു.