മനീഷ് മൊയ്തീന്‍ നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് –

08:48 pm 28/3/2017

പി.പി. ചെറിയാന്‍

Newsimg1_36277764
ന്യൂയോര്‍ക്ക്: അമേരിക്കയിലെ അറിയപ്പെടുന്ന എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മൊയ്തീന്‍ പുത്തന്‍ചിറയുടെയും വിജയമ്മയുടേയും മകന്‍ മനീഷ് മൊയ്തീന്‍ കോമണ്‍വെല്‍ത്ത് ഓഫ് മാസച്യുസിറ്റ്‌സിലെ നോര്‍ഫോക് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് ആയി നിയമിതനായി. നിലവില്‍ മാസച്യുസിറ്റ്‌സിലെ സിറ്റി ഓഫ് വെയ്മത്ത് പൊലിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പൊലിസ് ഓഫീസറായി സേവനമനുഷ്ഠിക്കുകയാണ് മനീഷ്.

മറൈന്‍ എഞ്ചിനീയറിംഗില്‍ ബിരുദമുള്ള മനീഷ് പത്തു വര്‍ഷത്തോളം യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ മറൈന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിലും (കഇഋ), നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റിലും സേവനം ചെയ്തിട്ടുണ്ട്. പോയിന്റ് അല്ലര്‍ടന്‍, കേപ്പ് കോഡ്, സാന്റിയേഗോ, ഫ്‌ലോറിഡ എന്നീ തീരദേശ സ്റ്റേഷനുകളില്‍ വിവിധ തസ്തികകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

മെക്‌സിക്കോ, കൊളംബിയ, പാനമ എന്നിവിടങ്ങളില്‍ കൗണ്ടര്‍ നാര്‍ക്കോട്ടിക് ഓപ്പറേഷന്‍സില്‍ പങ്കെടുത്തിട്ടുള്ള മനീഷ് ഒരു ഷാര്‍പ്പ് ഷൂട്ടര്‍ കൂടിയാണ്. ഷൂട്ടിംഗില്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്. കേപ്പ് കോഡ്, മാര്‍ത്താസ് വിനിയാര്‍ഡ് മേഖലയിലെ ജോയിന്റ് ബേസ് സ്റ്റേഷനിലും ബോസ്റ്റണ്‍ ഹാര്‍ബര്‍ സ്റ്റേഷനില്‍ സിഗ്‌നല്‍സിലും ജോലി ചെയ്തിട്ടുണ്ട്.

ഡപ്യൂട്ടി ഷെരീഫ് പദവി കൂടുതല്‍ ഉത്തരവാദിത്വമുള്ളതാണെന്ന് മനീഷ് പറഞ്ഞു. കോമണ്‍വെല്‍ത്ത് ആയതുകൊണ്ട് ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് എല്ലാ കേസുകളും സ്വതന്ത്രമായി അന്വേഷിക്കാന്‍ സാധിക്കുമെന്നും മനീഷ് കൂട്ടിച്ചേര്‍ത്തു. അനധികൃതമായി യുഎസില്‍ താമസിച്ച് മയക്കുമരുന്ന് ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്ന നിരവധി പേരെ റോഡ് ചെയ്‌സിലൂടെയും മറ്റും കീഴടക്കി അറസ്റ്റ് ചെയ്ത് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയിട്ടുണ്ട്.

ലോ എന്‍ഫോഴ്‌സ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള മനീഷ് ഒരു സൈബര്‍ ഡിറ്റക്റ്റീവ് കൂടിയാണ്. അഞ്ചാം വയസ്സിലാണ് മാതാപിതാക്കളോടൊപ്പം മനീഷ് അമേരിക്കയിലെത്തുന്നത്. ന്യൂയോര്‍ക്ക് ന്യൂറോഷേലിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.