മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഓണ്‍ യുവര്‍ വാട്ടര്‍’ പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു

02.25 AM 29-04-2016
mammootty--facebook-and-storysize_647_120315122843

കൊച്ചി: കടുത്ത വേനല്‍ച്ചൂടിനും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനും ആശ്വാസം പകരാനായി നടന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സഹായങ്ങളൊഴുകുന്നു. ‘ഓണ്‍ യുവര്‍ വാട്ടര്‍’ എന്നു പേരിട്ടിട്ടുള്ള പദ്ധതികളിലൂടെ സന്നദ്ധപ്രവര്‍ത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളും എത്തിക്കുകയാണ് ലക്ഷ്യം. പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ നടന്ന പദ്ധതി ആലോചനായോഗത്തിലാണ് പ്രമുഖരും വിദേശ മലയാളികളും സന്നദ്ധ സംഘടനകളും സഹായവുമായെത്തിയത്.
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലൂടെ എങ്ങനെ ഓരോരുത്തരും അവര്‍ക്കാവശ്യമായ ജലം സ്വന്തമാക്കാനാവും എന്നതിനെക്കുറിച്ചായിരുന്നു ഇന്നലെ നടന്ന മുഴുവന്‍ ചര്‍ച്ചകളും. കടുത്ത ചൂടും ജലക്ഷാമവും രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുക, പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് ബസ് സ്‌റ്റോപ്പുകള്‍, സിഗ്‌നല്‍ പോസ്റ്റുകള്‍ തുടങ്ങി ആളുകള്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടുന്ന സ്ഥലങ്ങളില്‍ ഹരിതഷീറ്റുകള്‍ കെട്ടുക, കുടിവെള്ള കിയോസ്‌കുകള്‍ പൊതുകേന്ദ്രങ്ങളില്‍ സ്ഥാപിക്കുക, റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ കൂജകളില്‍ വെള്ളം നിറച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സൗകര്യമുണ്ടാക്കുക, അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് അത്യാവശ്യം ഭക്ഷണ സാധനങ്ങള്‍ കൂടിയെത്തിക്കുക തുടങ്ങിയ താല്‍ക്കാലികാശ്വാസ പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സംഭാവനകള്‍ സേവനങ്ങളായ മാത്രമായിരിക്കും സ്വീകരിക്കുക. പണം സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി അടുത്ത ദിവസംതന്നെ സഹായം വേണ്ടവര്‍ക്ക് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും. അവര്‍ സഹായം ലഭ്യമാക്കാനുള്ളവരെ ബന്ധപ്പെടുത്തി നല്‍കും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ഇത്തരമൊരു ആശ്വാസ പദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. ഈ ജലക്ഷാമവും വരള്‍ച്ചയും പ്രകൃതിയുടെ ഒരു മുന്നറിയിപ്പാണ്. ഇതവഗണിക്കുന്നത് കൊടിയ ദുരന്തത്തിലേക്ക് നമ്മെ എത്തിക്കും. ഗതകാല കേരളത്തിന്റെ പച്ചപ്പുകള്‍ അതേപടി നമുക്ക് തിരിച്ചുപിടിക്കണം. ചരിത്രം നഷ്ടപ്പെട്ട പുതുതലമുറയെ അതെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.
കേരളം മരൂഭൂമിയായി മാറാന്‍ സമ്മതിക്കാതെ പ്രകൃതിയെ സംരക്ഷിക്കാനും ജലം സുലഭമായി മനുഷ്യന്റെ ആവശ്യത്തിന് ഉപയോഗിക്കാനാവുന്ന തരത്തില്‍ ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങള്‍ക്ക് അല്‍പംപോലും വൈകരുതെന്ന് യോഗത്തില്‍ സംസാരിച്ച പ്രഫ. എം കെ സാനു പറഞ്ഞു. താനുള്‍പ്പെടുന്ന മുതിര്‍ന്ന തലമുറ മമ്മുട്ടിയും സംഘവും ആവശ്യപ്പെടുന്ന സഹായം ചെയ്യാനൊരുക്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം ജില്ലയിലേക്കാവശ്യമായ ചെറിയ ആര്‍ഒ പ്ലാന്റുകള്‍ (റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ ഉപ്പുവെള്ളം ഉള്‍പ്പെടെയുള്ള ഉപയോഗ യോഗ്യമല്ലാത്ത വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍) എത്രയായാലും നല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവുമായ അലക്‌സ് വിളനിലം മമ്മൂട്ടിയെ അറിയിച്ചു. ശനിയാഴ്ച മുതല്‍ ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് എറണാകുളം കരയോഗം സെക്രട്ടറി പി രാമചന്ദ്രന്‍ പറഞ്ഞു. ആലുവ കെഎംഇഎ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികള്‍ മാഗസിന്‍ പ്രകാശനച്ചടങ്ങ് ഒഴിവാക്കി അതിനായി നീക്കിവച്ച തുകകൊണ്ട് പദ്ധതിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ള കിയോസ്‌കുകള്‍, ഹരിത ഷീറ്റുകള്‍, കുടിവെള്ളമെത്തിക്കാനുള്ള ടാങ്കറുകള്‍ തുടങ്ങിയ വാഗ്ദാനങ്ങളും നിരവധി വ്യക്തികള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഉടന്‍ ഈ സഹായങ്ങളെല്ലാം കോര്‍ത്തിണക്കി ജനങ്ങളിലേക്കെത്തിക്കാനാണ് തീരുമാനം. ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍, ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, പ്രഫ. എം കെ പ്രസാദ്, ജോണി ലൂക്കോസ് തുടങ്ങിയവരും യോഗത്തില്‍ സംസാരിച്ചു.