മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു

08:32 am 28/9/2016
images (9)
കൊച്ചി: മയക്കുമരുന്നുമായി മൂന്നുപേരെ ഷാഡൊ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് പറവൂർ ചേന്ദമംഗലം പുളിക്കത്തറ വീട്ടിൽ മെൻട്രോൺ വർഗീസ് (23), എടവനക്കാട് എരണ്ടത്തറ ഇ.എം. രൂപേഷ് (32), പള്ളുരുത്തി പൊന്നാത്ത് പി.എം. സനൂപ് (23) എന്നിവരെയാണ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുളള ഷാഡോ പൊലീസ് പിടികൂടിയത്. എംഡിഎംഎ (മെഥലിൻ ഡൈ ഓക്സി മെറ്റാം ഫിറ്റാമിൻ) എന്ന ഇനം മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവർക്ക് അന്തർ സംസ്ഥാന മയക്കുമരുന്നു ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു. ജമ്മു കാശ്മീരിൽ നിന്നും ഇവർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 17 തവണ മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. സംഘത്തിൽപെട്ട പള്ളുരുത്തി ചോയ്സ് റോഡിൽ താമസിക്കുന്ന റിജാസ്, പള്ളുരുത്തി നടക്കൽ സ്വദേശി നിയാസ് എന്നിവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ എന്ന മയക്കുമരുന്നിന് ഒരു ഗ്രാമിന് പതിനായിരം രൂപ വീതം വിലമതിക്കും. കേരളത്തിൽ നിന്നും ഡൽഹിയിലേക്കും. കാശ്മീരിലേക്കും ഫ്ളൈറ്റിൽ യാത്ര ചെയ്യന്ന ഇവർക്ക് യാത്രാ ടിക്കറ്റ് കൂടാതെ അൻപതിനായിരം രൂപകൂടി പ്രതിഫലമായി ലഭിക്കും. വാട്ട്സ് ആപ്പ് മുഖാന്തിരവും ഇന്‍റർനെറ്റ് മുഖാന്തിരവും വിദേശ രാജ്യങ്ങളിലിരുന്നു മാത്രം പിടിയിലായവരുമായി ബന്ധപ്പെടുന്ന ഒരു വൻ ലോബി തന്നെ ഇതിന്‍റെ പിന്നിലുള്ളതായി സംശയിക്കുന്നതായി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശ് പറഞ്ഞു. ജമ്മുകാശ്മീർ പലതവണ സന്ദർശിച്ച ഇവർക്ക് അതിർത്തി കടന്ന് മയക്കുമരുന്ന് ലഭിച്ചതായും വിവരമുണ്ട്. വൈപ്പിൻ സ്വദേശിയായ രൂപേഷ് പള്ളുരുത്തി സ്വദേശി സനൂപ് എന്നിവർ സ്ഥിരമായി വിമാനത്തിൽ ജമ്മുവിലേക്കും ഡെൽഹിയിലേക്കും യാത്രചെയ്യുന്നതായി ലഭിച്ച രഹ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിദേശത്തു നിന്നും പലപ്പോഴായി ലക്ഷങ്ങളുടെ ഇടപാട് നടന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ രഹസ്യാന്വേഷണ വിഭാഗം അസിസ്റ്റന്‍റ് കമ്മിഷണർ കെ.വി. വിജയൻ അറിയിച്ചു. ഷാഡോ പൊലീസ് എസ്ഐ വി. ഗോപകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, വിശാൽ, സാനുമോൻ, ശ്രീകാന്ത്, രാഹുൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.